ചെന്നൈ: കോണ്‍ഗ്രസ് നേതാവും എംപിയുമായ കാർത്തി ചിദംബരത്തിന്റെ ഭാര്യ ശ്രീനിധിയുടെ വീഡിയോ ഉപയോഗിച്ചു തെരഞ്ഞെടുപ്പു പ്രചാരണഗാനം പുറത്തിറക്കി തമിഴ്നാട് ബിജെപി.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ താമരൈ മലരട്ടും, തമിഴകം വളരട്ടും (താമര വിരിയട്ടെ, തമിഴകം വളരട്ടെ) എന്ന 5.16 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന്റെ വീഡിയോയിലാണ് ശ്രീനിധിയും ഇടംപിടിച്ചത്.
പത്തു വർഷം മുന്‍പ് വേൾഡ് ക്ലാസിക്കൽ തമിഴ് കോണ്‍ഫറൻസിൽ ശ്രീനിധി നടത്തിയ പ്രകടനമാണ് ബിജെപി “അടിച്ചുമാറ്റിയത്’.
ശ്രീനിധിയുടെ നൃത്തത്തിനുള്ള യഥാർഥ ഗാനം രചിച്ചത് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന എം. കരുണാനിധിയാണ്. ട്യൂണിട്ടത് എ.ആർ. റഹ്മാനും.
വീഡിയോ പ്രചരിക്കപ്പെട്ടതോടെ പിഴവ് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി. ശ്രീനിധിയും വിമർശനം ഉന്നയിച്ചു.
നുണപ്രചാരണത്തിനു തന്റെ ചിത്രം ഉപയോഗിച്ച ബിജെപി നടപടി ഒട്ടും ശരിയായില്ലെന്ന് അവർ ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിൽ ഒരിക്കലും താമര വിരിയില്ലെന്നും അവർ പരിഹസിച്ചു.