കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ ഗ്രൗണ്ട് പൂട്ടിയിട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ് കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയ സംഭവത്തില്‍ പി.വി. ശ്രീനിജന് എംഎല്‍എയ്ക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം നേതൃത്വം.
സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് ശ്രീനിജനെ നീക്കാനാണ് ഇന്നലെ ചേര്‍ന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
ശ്രീനിജന്റെ നിര്‍ദേശപ്രകാരമാണ് സെലക്ഷന് ട്രയല്‍സ് നടത്താനിരുന്ന പനമ്പള്ളി നഗറിലെ ഗ്രൗണ്ട് പൂട്ടിയിട്ടതെന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
വിവിധ ജില്ലകളില്‍ നിന്നായി എത്തിയ നൂറു കണക്കിന് കുട്ടികളാണ് ഗ്രൗണ്ടിനു പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നത്. ഭക്ഷണമോ ശുചിമുറി സൗകര്യമോ ഇല്ലാതെ ട്രയല്‍സിനെത്തിയ കുട്ടികള്‍ ബുദ്ധിമുട്ടിയത് വാര്‍ത്തയായിരുന്നു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് ലഭിക്കേണ്ട വാടക കുടിശിക നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് കുട്ടികളെ ബുദ്ധിമുട്ടിച്ചുള്ള എംഎല്‍എയുടെ നടപടി.
എന്നാല്‍ വാടക കൃത്യമായി തന്നിട്ടുണ്ടെന്നു സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി വ്യക്തമാക്കിയതോടെ വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടായി. ഇതേത്തുടര്‍ന്നാണു നടപടി.
പി.വി. ശ്രീനിജന് എംഎല്‍എയും സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്സിക്കുട്ടനും തമ്മിലുള്ള തര്‍ക്കം പലപ്പോഴും വാര്‍ത്തയായിരുന്നു.
ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സെലക്ഷന് ട്രയല്‍സ് നടത്താനിരുന്ന പനമ്പള്ളി നഗറിലെ ഗ്രൗണ്ട് പൂട്ടിയിട്ട വിവാദങ്ങളിലേക്ക് എത്തിച്ചത്.
എംഎല്‍എക്കു ജനപ്രതിനിധി എന്ന നിലയില്‍ തിരക്കുണ്ടെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ ചുമതല അതിനു തടസമാകുമെന്നുമെന്ന ന്യായവാദം ഉന്നയിച്ചാണ് ജില്ലാ കമ്മിറ്റിയില്‍ ശ്രീനിജനെ മാറ്റാനുള്ള അഭിപ്രായം ഉയര്‍ന്നത്.
അതേസമയം, എംഎല്‍എ ആയതിനാലാണ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.