കിഴക്കമ്പലം: കോൺഗ്രസ് ക്യാമ്പിലായിരിക്കെ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടമായ സ്ഥാനാർഥിത്വം ഇടത് ക്യാമ്പിലൂടെ തിരിച്ച് പിടിച്ചിരിക്കുകയാണ് കുന്നത്തുനാട്ടിൽ മത്സരിക്കുന്ന പി.വി.ശ്രീനിജിൻ.
യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനായിരിക്കെ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റിലെ കുന്നത്തുനാട്ടിലേക്കുള്ള ഏക പേരുകാരനായിരുന്നു അദേഹം.
സ്ഥാനാർഥിത്വം ഉറപ്പിച്ച് കാലേകൂട്ടി മണ്ഡലത്തിൽ സജീവമായി നിൽക്കവേയാണ് നിനച്ചിരിക്കാതെ വിവാദ വാർത്തകളിലെ നായകനായി ഇദേഹം മാറിയത്.
അനധികൃത സ്വത്തുസന്പാദനവുമായി ബന്ധപ്പെട്ടു ദിവസങ്ങളോളം മാധ്യമങ്ങളിൽ നിറഞ്ഞതോടെ കോൺഗ്രസ് നേതൃത്വം ഇദേഹത്തെ കൈവിട്ടു.
അങ്ങനെയാണ് കോട്ടയം ജില്ലക്കാരാനായ വി.പി. സജീന്ദ്രൻ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായെത്തി വിജയിച്ചത്.
ഇതേ സമയം ശ്രീനിജിൻ പൊതുരംഗത്തുനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. തനിക്കെതിരായ ആരോപണങ്ങൾ കോൺഗ്രസുകാർ തന്നെ സൃഷ്ടിച്ചതാണെന്ന് വ്യക്തമായതോടെയാണ് 2016ൽ കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് ഇടത് സഹയാത്രികനായതെന്ന് ശ്രീനിജിൻ പറയുന്നു.
സിപിഎം അനുഭാവിയായും പാർട്ടി അംഗമായും പ്രവർത്തിച്ച ശേഷമാണ് പാർട്ടി നോമിനിയായി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായത്.
ഒടുവിൽ ഒരു പതിറ്റാണ്ട് മുമ്പ് നഷ്ടമായ നിയമസഭാ സ്ഥാനാർഥിത്വം ഇടത് മുന്നണിയിലൂടെ തേടിയെത്തുകയും ചെയ്തു.