ഷൈബിൻ ജോസഫ്
കാഞ്ഞങ്ങാട്: ഇനിയെന്തു ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് ഇരിയ കാട്ടുമാടത്തിലെ സത്യസായി ഗ്രാമത്തിൽ താമസിക്കുന്ന സി. ശശിയും കുടുംബവും.
ഒരാഴ്ച മുമ്പാണ് ഇവിടെ നിന്ന് കുടിയൊഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് പുല്ലൂർ വില്ലേജ് ഓഫീസറുടെ നോട്ടീസ് ലഭിക്കുന്നത്.
നിങ്ങളും കുടുംബവും അനധികൃതമായാണ് താമസിക്കുന്നതെന്നും ജില്ലാ കളക്ടറും ഹൊസ്ദുർഗ് തഹസിൽദാരും നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നും പറയുന്നു.” എന്തു ചെയ്യണമെന്നറിയില്ല. ഞങ്ങൾക്ക് പോകാൻ മറ്റൊരിടമില്ല.” – ശശി പറയുന്നു.
തേപ്പുപണിക്കാരനായ ശശിയും ഭാര്യ പുഷ്പലതയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം പെരിയയിലെ വാടക ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്.
രണ്ടാമത്തെ മകളായ സി. ശ്രീനിഷയ്ക്ക് ജന്മനാ ഇടതു കൈപ്പത്തിയില്ല. പഠനത്തിൽ മിടുക്കിയായ ശ്രീനിഷയ്ക്ക് കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ എട്ട് എ പ്ലസ്, ഒരു എ, ഒരു ബി പ്ലസ് ഗ്രേഡുകൾ ലഭിച്ചിരുന്നു.
ഇതു ശ്രദ്ധയിൽപ്പെട്ട സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീനിഷയുടെ കുടുംബത്തിന് വീട് നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഇക്കാര്യം അന്നത്തെ പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായരെ അറിയിച്ചു. പ്രസിഡന്റ് ശ്രീനിഷയുടെ പേര് കളക്ടറേറ്റിലേയ്ക്ക് അയച്ചു.
എന്നാൽ കളക്ടറേറ്റിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല. തുടർന്ന് കഴിഞ്ഞവർഷം ജൂലൈയിൽ ഒരു ചടങ്ങ് സംഘടിപ്പിച്ച് അന്നത്തെ പഞ്ചായത്ത് മെമ്പർ വീടിന്റെ താക്കോൽ ഈ കുടുംബത്തിന് കൈമാറുകയായിരുന്നു.
2017 ലാണ് കാട്ടുമാടത്ത് അഞ്ചേക്കർ സർക്കാർ ഭൂമിയിൽ സത്യസായി ട്രസ്റ്റ് 45 വീടുകൾ നിർമിച്ചു നൽകിയത്. 21 ഗുണഭോക്താക്കളെ മാത്രമാണ് നാളിതുവരെയായി ജില്ലാ ഭരണകൂടം കണ്ടെത്തിയത്.
ഇവരിൽ ഒരാൾക്കു പോലും വീട്ടുനമ്പറോ റേഷൻ കാർഡോ നാളിതുവരെയായും അനുവദിച്ചിട്ടില്ല. വീടിന് അപേക്ഷ നൽകി അർഹതയുള്ള നിരവധിപേർ കാത്തിരിക്കുമ്പോൾ ഇവിടെ വീടുകൾ കാടുകയറി നശിക്കുകയാണ്.
എൻമകജെ പെർളയിൽ ഇതുപോലെ ജോയി ആലുക്കാസ് ഫൗണ്ടേഷൻ 36 വീടുകൾ നിർമിച്ചു നൽകിയിരുന്നു. ഒരു താമസക്കാരൻ പോലുമില്ലാതെ കാടുകയറി ഇത് ചുടുകാടിന് സമാനമായിരിക്കുകയാണ്.
നാളിതുവരെയായിട്ടും എന്തുകൊണ്ട് ഗുണഭോക്താക്കളെ കണ്ടെത്തി വീടുകൾ കൈമാറിയില്ലെന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ജനുവരി ഏഴിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടർ ഡി. സജിത് ബാബുവിന് നോട്ടീസ് അയച്ചിരുന്നു.
എന്നാൽ അദ്ദേഹം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും ഒരു തവണ കൂടി നോട്ടീസ് അയക്കുമെന്നും പിആർഒ പി.എം. ബിനുകുമാർ അറിയിച്ചു.