കിഴക്കമ്പലം: നാലു പതിറ്റാണ്ടിനുശേഷം ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ മലയാളികള്‍ക്കും കൊച്ചിക്കാര്‍ക്കു ഇരട്ടി മധുരം.
ടീമിലെ സീനിയര്‍ താരങ്ങളിലൊരാളും ഏക മലയാളിയുമായ പി.ആര്. ശ്രീജേഷ് ഗോൾമുഖത്ത് വൻമതിൽകെട്ടി കോട്ട കാത്തപ്പോൾ കുന്നത്തുനാട് എരുമേലി പറാട്ട് വീട് ആഹ്ലാദത്തിമിര്‍പ്പിലായിരുന്നു.
മാതാപിതാക്കളും ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള ശ്രീജേഷിന്റെ കുടുംബം മത്സരശേഷം വിജയാഘോഷങ്ങള്‍ക്കു തിരികൊളുത്തി. ഒപ്പം പ്രദേശവാസികളും വെങ്കലമെഡൽ ആഘോഷത്തിൽ പങ്കുചേർന്നു.
41 വര്‍ഷത്തിനുശേഷം തന്റെ മകന്റെ നേതൃത്വത്തില്‍ രാജ്യത്തിനായി ഒരു ഒളിമ്പിക് മെഡല്‍ നേടാനായതില്‍ അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്ന് ശ്രീജേഷിന്റെ പിതാവ് രവീന്ദ്രന് പറഞ്ഞു.
രാവിലെ അമ്പലത്തില്‍ പോയി പ്രാര്ഥിച്ചതിനുശേഷമാണു ടിവിക്കു മുന്നില്‍ മത്സരം കാണാന്‍ കുടുംബാംഗങ്ങള്‍ ഇരുന്നത്.
ശ്രീജേഷിന്റെ മാതാവ് ഉഷ, ഭാര്യ ഡോ. അനീഷ്യ, മക്കളായ അനുശ്രീ, ശ്രീആന്സ് എന്നിവരെല്ലൊം ഒന്നിച്ചിരുന്നാണു വിജയനിമിഷം പങ്കിട്ടത്.
ഇന്ത്യക്കായി ഒരു ഒളിമ്പിക് മെഡല്‍ മലയാളി എന്ന നിലയില്‍ തന്റെ മകന് നേടിയത് എല്ലാ മലയാളികളുടെയും പ്രാര്‍ത്ഥനയുടെ ഫലമായാണെന്നു മാതാവ് ഉഷ പറഞ്ഞു.
നീണ്ട കാലത്തിനുശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒരു ഒളിമ്പിക് മെഡല്‍ നേടിയപ്പോള്‍ അതിന്റെ മുന്‍നിരപ്പോരാളിയായി തന്റെ ഭര്‍ത്താവ് നിന്നതില്‍ എറെ അഭിമാനമുണ്ടെന്ന് ഭാര്യ ഡോ. അനീഷ്യയും പറഞ്ഞു.
എതിരാളികള്‍ ശ്രീജേഷിനെ മറികടന്നും ഗോള്‍ വല കുലുക്കിയപ്പോള്‍ കുടുംബവും ആകുലതിയിലായെങ്കിലും ഇന്ത്യയുടെ തിരിച്ചുവരവും ശ്രീജേഷിന്റെ മിന്നും സേവുകളും നിറഞ്ഞ കൈയടികളോടെയാണു കുടുംബം വരവേറ്റത്.
രാജ്യത്തിനും പ്രത്യേകിച്ച് മലയാളികള്‍ക്കും അഭിമാനമായി മാറിയ നേട്ടം പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തും ബന്ധുക്കളും കുട്ടുകാരും വരവേറ്റപ്പോള്‍ താരം നാട്ടിലെത്തുന്ന മുറയ്ക്കു വന്‍ സ്വീകരണമൊരുക്കാനാണു നീക്കങ്ങള്‍.