കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ ഇന്ത്യന്‍ നാവികസേനക്കായി നിര്‍മിക്കുന്ന കപ്പലിന്റേതുള്പ്പെടെ തന്ത്രപ്രധാന ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി കൈമാറിയ കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശിയും കപ്പല്‍ശാലയിലെ ഇലക്ട്രോണിക്സ് മെക്കാനിക് വിഭാഗം കരാര്‍ ജീവനക്കാരനുമായ ശ്രീനിഷ് പൂക്കോടനെ (30) കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്. ഇതിനായി ഇന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്കാണ് ശ്രീനിഷ് ചിത്രങ്ങള്‍ കൈമാറിയത്. ഈ അക്കൗണ്ടിന്റെ വിശദ പരിശോധനാ ഫലം സൈബര്‍ സെല്ലില്‍നിന്ന് ലഭിക്കേണ്ടതുണ്ട്. എയ്ഞ്ചല്‍ പായലുമായി ശ്രീനിഷ് കൂടുതല്‍ ചാറ്റ് നടത്തിയത് ഫേയ്സ്ബുക് മെസഞ്ചറിലൂടെയാണ്.
വാട്സാപ് വഴിയുള്ള ചാറ്റുകളില്‍ ചിലത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ വിശദ വിവരങ്ങളുള്ള ഫോണിന്റെ മിറര്‍ ഇമേജ് പോലീസ് ശേഖരിക്കുകയാണ്. സൈബര്‍ സെല്ലില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് കിട്ടാന്‍ കാലതാമസം ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചു
സംഭവത്തില്‍ ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഇന്റലിജന്‍സും നേവി ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് നേവി ഇന്റലിജൻസ് സമാന്തര അന്വേഷണം നടത്തുന്നത്. ശ്രീനിഷിന്റെ മൊബൈലില്‍നിന്നും ഐഎന്‍എസ് വിക്രാന്തിന്റേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ലഭിച്ചത്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഈമാസം 19 വരെയുള്ള കാലയളവിലാണ് ചിത്രങ്ങള്‍ പകര്‍ത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തത്. നാവികസേനയുടെ നിര്‍മാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങള്‍, പ്രതിരോധ കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികള്‍, അവയുടെ വിവരങ്ങള്‍, വിവിഐപികളുടെ സന്ദര്‍ശന വിവരങ്ങള്‍, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ശത്രുരാജ്യത്തിന് ഉപയോഗപ്രദമാകുന്ന രീതിയില്‍ എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. ഇവരുടെ നിര്‍ദേശ പ്രകാരമാണ് ചിത്രങ്ങളെടുത്ത് അയച്ചതെന്നാണ് പ്രതി പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.