മാഹി: വീട്ടിലിരുന്ന് ടെലിവിഷനുമുന്നിലും സമൂഹമാധ്യമങ്ങൾക്കുമുന്നിലും സമയം പാഴാക്കാതെ കുടുംബത്തിന് താങ്ങാകുന്നതിനായി തൊഴിലുറപ്പ് ജോലിക്കിറങ്ങി നിയമവിദ്യാര്‍ഥിനി.
അഴിയൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ കല്ലാമല ശ്രീധര്മത്തില് പി.കെ. ശ്രീനിത്യയാണ് പഠനോപകരണം വാങ്ങുന്നതിനും തൊഴിലിനുമായി തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമായത്. തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്ന് തൊഴില്‍ കാര്‍ഡും സ്വന്തമാക്കി.
തലശേരി പാലയാട് കാമ്പസിലെ ഏഴാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ് ശ്രീനിത്യ.തുടര്‍പഠനത്തിന് സ്വന്തമായി പണം സ്വരൂപിക്കുവാനും ലാപ് ടോപ്പ് വാങ്ങാനുമാണ് തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നതെന്ന് ശ്രീനിത്യ പറഞ്ഞു.
കോവിഡ് കാലത്ത് വീട്ടിലിരുന്നുള്ള മടുപ്പും ഇതിലൂടെ ഒഴിവായി കിട്ടുന്നുവെന്നും ശ്രീനിത്യ പറഞ്ഞു. വീട്ടില്‍ മൂന്ന് പശുക്കളെ വളര്‍ത്തുന്നതിനാല്‍ പുരയിടത്തില്‍ പുല്‍ക്കൃഷിയും ചെയ്തുവരുന്നുണ്ട്.
ഗ്രോബാഗില്‍ പച്ചക്കറി കൃഷിയും നടത്തുന്നു.പപ്പടനിര്‍മാണ തൊഴിലാളി സുധര്മന്റെയും വടകര ബ്ലോക്ക് പഞ്ചായത്തില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ബിന്ദുവിന്റെയും മകളാണ് ശ്രീനിത്യ.
സഹോദരന് ശ്രീനിധ് ഒമാനിലാണ്. പഞ്ചായത്തിലെ നിരവധി ബിരുദധാരികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കാര്‍ഡെടുത്ത് ജോലിചെയ്തു മാതൃകയാകുന്നുണ്ട്.
കോവിഡ് ലോക്ക് ഡൗണിൽപ്പെട്ട് വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും തിരികെയെത്തിയ നിരവധി യുവാക്കളാണ് മലയോരമേഖലകളിൽ തൊഴിലുറപ്പ് ജോലി ചെയ്തുവരുന്നത്.