പൈവളിഗെ: ഉസൈന്‍ ബോള്‍ട്ടിനേക്കാളും വേഗതയേറിയ ഓട്ടക്കാരനെന്ന നിലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം ചര്‍ച്ച ചെയ്യുന്ന കര്‍ണാടക മൂഡിബിദ്രി സ്വദേശി ശ്രീനിവാസ ഗൗഡ പൈവളിഗെയിലെത്തി.
കേരള- കര്‍ണാടക അതിര്‍ത്തിയായ പൈവളിഗെ ബോളങ്കളയില് നടന്ന കമ്പള(പോത്തോട്ട) മത്സരത്തിനാണ് ശ്രീനിവാസ ഗൗഡയെത്തിയത്.
ശ്രീനിവാസ ഗൗഡക്ക് വലിയ വരവേല്‍പ്പാണ് മലയാളക്കരയിൽ നാട്ടുകാരുടെ നേതൃത്വത്തില്‍ നല്‍കിയത്. അണ്ണ- തമ്മജോഡുക്കെരെ കമ്പള സമിതിയുടെ നേതൃത്വത്തിലാണ് പൈവളിഗയിൽ പോത്തോട്ട മത്സരം നടന്നുവരുന്നത്.
കര്‍ണാടകയില്‍ ഈയടുത്തു നടന്ന കമ്പള മത്സരത്തില്‍ കാളകളുമായി 142.4 മീറ്റര്‍ ദൂരം 13.62 സെക്കന്റില്‍ ഓടിത്തീര്‍ത്ത ശ്രീനിവാസ ഗൗഡയുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ശ്രീനിവാസ ഗൗഡയെ ഏവരും ശ്രദ്ധിച്ചു തുടങ്ങിയത്.
ഇതിനോടകം തന്നെ 12 മത്സരങ്ങളില്‍ നിന്നായി 29 മെഡലുകള്‍ സ്വന്തമാക്കി കളഞ്ഞു. ഉസൈന്‍ ബോള്‍ട്ടിന്റെ വേഗത്തോടൊപ്പം തന്നേയും കൂടി ചര്‍ച്ചചെയ്യുന്നത് ഏറെ സന്തോഷം പകരുന്നുവെന്നു ശ്രീനിവാസ ഗൗഡ പറയുന്നു.
വീഡിയോ വൈറലയതോടെ പ്രത്യേക പരിശീലകര്‍ക്ക് കീഴില്‍ പരിശീലനം നേടാന്‍ ക്ഷണിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര കായികമന്ത്രി കരണ്‍ റിജ്ജു ട്വീറ്റ് ചെയ്തിരുന്നു.
താനല്ല തന്റെ പ്രിയപ്പെട്ട പോത്തുകുട്ടന്മാരായ താട്ടെയും മോഡെയുമാണ് യഥാര്‍ഥ ഉസൈന്‍ ബോള്‍ട്ട് എന്നുമാണ് ശ്രീനിവാസ പറയുന്നത്.
ശ്രദ്ധിക്കപ്പെട്ടതോടെ വിവിധ സംഘടനകള്‍ സമ്മാനങ്ങളും കാഷ് അവാര്‍ഡും നല്കി അനുമോദിച്ചതായും ശ്രീനിവാസ പറഞ്ഞു. കേരളത്തിലെ ഏക കന്പള മത്സരമാണിത്.
12 വര്‍ഷം മുമ്പ് വരെ ബങ്കര മഞ്ചേശ്വരത്ത് നടന്നിരുന്ന കമ്പള മത്സരമാണ് രണ്ടു വര്‍ഷമായി പൈവളിഗെയില്‍ നടന്നുവരുന്നത്.