ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന വേഗത്തില്‍ കമ്പള മത്സരത്തില്‍ രാജാവായ ശ്രീനിവാസ ഗൗഡയ്ക്ക് ഇന്നലെ നിരാശയുടെ ദിനം. മൊത്തം നാലിനങ്ങളില്‍ മത്സരിച്ച ഗൗഡ രണ്ടിനങ്ങളില്‍ ഒന്നാമതെത്തെയെങ്കിലും മറ്റു രണ്ടിനങ്ങളില്‍ രണ്ടാമതായി.
142 മീറ്റര്‍ ദൂരമുള്ള ട്രാക്കില്‍ 13.42 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോര്‍ഡിട്ടതാണ് നേരത്തെ ശ്രീനിവാസ് ഗൗഡയെ ഉസൈന്‍ ബോള്‍ട്ടിനോട് ഉപമിക്കാനിടയാക്കിയത്.എന്നാല്‍ പൈവളികെയില്‍ ഇന്നലെയും ഇന്നുമായി നടന്ന മത്സരങ്ങളില്‍ 131 മീറ്റര്‍ നീളമുള്ള ട്രാക്ക് 12:47, 13:11, 12:94, 12.51 എന്നിങ്ങനെ സമയമെടുത്താണ് ഗൗഡ ഫിനിഷ് ചെയ്തത്.
മത്സരത്തിനെത്തുന്ന പോത്തുകളുടെ പ്രായം കണക്കാക്കി ഹഗ്ഗ ഇരിയ, ഹഗ്ഗ കിരയ്യ, നഗിലു ഇരിയ്യ, നെഗിലു കിരിയ, അഡ്ഡഹല കെ എന്നിവിഭാഗത്തിലാണ് മത്സരം. 130 മുതല്‍ 145 വരെ മീറ്റര്‍ ദൂരമുള്ള ട്രാക്കിലാണ് കമ്പള മത്സരം. ഇതില്‍ 100 മീറ്റര്‍ മറികടക്കാനെടുക്കുന്ന സമയം കണക്കാക്കിയാണ് പലരും ശ്രീനിവാസ ഗൗഡയെ ഉസൈന്‍ ബോള്‍ട്ടുമായി താരതമ്യം ചെയ്തത്.
രണ്ട് ദിവസമായി നടന്ന കമ്പള മത്സരത്തിന് കാസര്‍കോട്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നിന്നായി 95 ജോടി പോത്തുകളുടെ ടീമുകളാണ് മത്സര രംഗത്ത് എത്തിയത്. മുമ്പ് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ശ്രീനിവാസ ഗൗഡയെ സെലക്ഷന് ട്രയല്‍സിനു വിളിച്ചിരുന്നു. ആദ്യം ക്ഷണം നിരസിച്ച ഗൗഡ പിന്നീട് കമ്പള സീസണ് കഴിഞ്ഞതിനു ശേഷം ട്രയല്‍സിനു ഹാജരാകാമെന്നു സമ്മതിക്കുകയായിരുന്നു.