കൊച്ചി: മോന്സൺ മാവുങ്കലിനെതിരേ ആദ്യം പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്ന് ആരോപിച്ച നടന് ശ്രീനിവാസനു വക്കീല്‍ നോട്ടീസ്.
ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വടക്കാഞ്ചേരി സ്വദേശിയും പരാതിക്കാരനുമായ അനൂപ് വി. മുഹമ്മദാണ് നോട്ടിസ് അയച്ചത്.
മോന്‍സനു പണം നല്കിയവര് തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമായിരുന്നു ശ്രീനിവാസന്റെ പരാമർശം.
പരാതിക്കാര്‍ രണ്ടു പേരെ എനിക്കറിയാം. അവര്‍ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരില്‍ ഒരാള്‍ സ്വന്തം അമ്മാവനെ കോടികള്‍ പറ്റിച്ച ആളാണെന്നുമായിരുന്നു ശ്രീനിവാസന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
മോന്‍സന്റെ കലൂരിലെ വീട്ടില്‍ ശ്രീനിവാസന് സന്ദര്‍ശിച്ചുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഒരു മാധ്യമത്തിനു നല്കിയ പ്രതികരണത്തിലായിരുന്നു ശ്രീനിവാസന്റെ ആരോപണം.
പോസ്റ്റുകൾ മുങ്ങിയ വഴി
അതിനിടെ, പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായതിനു പിന്നാലെ മോന്സന് മാവുങ്കലിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നു പല പോസ്റ്റുകളും ഡിലീറ്റായ സംഭവത്തിൽ പോസ്റ്റുകൾ നീക്കിയത് ആരെന്നറിയാൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി.
പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്.
എന്നാൽ ഇതിൽ പല ഫോട്ടുകളും വീഡിയോകളും ഇപ്പോൾ ഡീലീറ്റ് ചെയ്യപ്പെട്ട അവസ്ഥയിലാണെന്ന് തട്ടിപ്പിന് ഇരയായ പരാതിക്കാർ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈബ്രാഞ്ച് സംഘം ഇത്തരത്തിലൊരു അന്വേഷണത്തിലേക്ക് നീങ്ങുന്നത്. 2016 മുതലുള്ള സന്ദേശങ്ങളാണ് ശേഖരിക്കുന്നത്.
ജാമ്യമില്ല
അതേസമയം, മോന്‍സന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഭൂമി തട്ടിപ്പ് കേസിലും 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലുമാണ് മോന്സന് എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്.
മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ വയനാട്ടിലുള്ള അഞ്ഞൂറേക്കര്‍ കാപ്പിത്തോട്ടം പാട്ടത്തിനു വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് 1.62 കോടി രൂപ തട്ടിയെടുത്തതായി കാണിച്ചു മോന്‍സനെതിരേ പാലാ സ്വദേശി രാജീവാണ് കേസ് നല്‍കിയത്.
കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുരയില്‍, അനൂപ്, ഷമീര്‍ തുടങ്ങി ആറു പേരില്‍ നിന്നായി പത്ത് കോടിയോളം രൂപ തട്ടിയെടുത്തെന്നും കേസില്‍ ആരോപണമുണ്ട്.
വിപുലമായ സാമ്പത്തിക തട്ടിപ്പാണ് മോന്സന് നടത്തിയതെന്നു പ്രോസിക്യൂഷന് വാദിച്ചു. ഇടപാടുകാരെ കബളിപ്പിക്കാന്‍ മോന്സണ് വ്യാജരേഖ നിര്‍മിച്ചു.
മറ്റ് അക്കൗണ്ടുകള്‍ വഴി നടത്തിയ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു.
ഇതു കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. നിലവില്‍ മോന്‍സണെ കോടതി 20 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
വീണ്ടും കസ്റ്റഡിയില്‍
ടിവി സംസ്കാര ചാനലിന്റെ മേധാവിയാണെന്ന് അവകാശപ്പെട്ടു തട്ടിപ്പ് നടത്തിയ കേസില്‍ മോന്സന് മാവുങ്കലിനെ കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
സിഗ്നേച്ചര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എംഡിയും തിരുവന്തപുരം സ്വദേശിയുമായ ബാബു മാധവ് നല്കിയ പരാതിയില്‍ ഇന്നലെ ഉച്ചയോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിനു മോന്‍സനെ കസ്റ്റഡിയില്‍ ലഭിച്ചത്.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസം മുമ്പ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തുടര്‍ന്ന് ഇന്നലെ കാക്കനാട് ബോര്‍സ്റ്റല്‍ സ്കൂളിലെനിന്ന് മോന്‍സനെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
പത്തു കോടി നല്‍കാമെന്നു പറഞ്ഞു കബളിപ്പിച്ചാണ് ടിവി സംസ്കാര എന്ന ചാനലിന്റെ ഉടമയായി മോന്സന് മാവുങ്കല്‍ വീഡിയോ പ്രചരിപ്പിച്ചത്.
ചാനലിന്റെ ചെയര്മാന് എന്നു പറഞ്ഞു ദൃശ്യങ്ങളെടുത്തതല്ലാതെ പണം നല്‍കിയില്ല.