നഗരത്തിലെ ആരവങ്ങൾക്കിടയിലും സിലോണ്‍ ബാപ്പു തന്റെ ഇഷ്ടഗായകന്റെ പാട്ടിൽ എല്ലാം മറന്ന് ലയിച്ചിരിക്കുകയാണ്. ഒരു കോഴിക്കോട്ടുകാരന്റെ സ്നേഹവും നന്മയും ഉള്ളിലുള്ള മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനാണ് സിലോണ്‍ ബാപ്പു. ഉൗണിലും ഉറക്കത്തിലും ബാപ്പുവിന് റഫി മാത്രം. മകൻ റഫി മുഹമ്മദ് ഉപ്പയെപ്പോലെയല്ല. അവൻ പുതു തലമുറയിലെ കണ്ണിയാണ്.
അതുകൊണ്ടുതന്നെ അവർക്കിടയിൽ എന്നും അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു.സിലോണ്‍ ബാപ്പുവിന്റെയും മകന്റെയും രസകരമായ സംഭവങ്ങളിലൂടെ കടന്നുപോകുന്ന കുടുംബചിത്രമായ കല്ലായി എഫ്.എമ്മിന്റെ ചിത്രീകരണം കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. മുംബൈ, അബൂദാബി എന്നിവിടങ്ങളിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിൽ സിലോണ്‍ ബാപ്പുവിന് ജീവൻ നൽകുന്നത് ശ്രീനിവാസനാണ്. മകനായി ശ്രീനാഥ് ഭാസിയും വേഷമിടുന്നു. കോഴിക്കോട്ടുകാരൻ വിനീഷ് മില്ലേനിയമാണ് ചിത്രത്തിന്റെ സംവിധായകൻ. ഒയാസിസ് ഗ്രൂപ്പിന്റെ ബാനറിൽ ഷാജഹാൻ ഒയാസിസ് നിർമിക്കുന്ന ചിത്രത്തിൽ മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫിയും ചിത്രത്തിൽ പ്രധാനകഥാപാത്രമായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മുഹമ്മദ് റഫിയുടെ പ്രസിദ്ധമായ രണ്ട് ഗാനങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീനിവാസൻ, ശ്രീനാഥ് ഭാസി, കലാഭവൻ ഷാജോണ്‍, പാർവ്വതി രതീഷ്, കൃഷ്ണപ്രഭ, സുനിൽ സുഗത, കോട്ടയം നസീർ, കെ.ടി.സി. അബ്ദുള്ള, വിജയൻ. വി. നായർ, ശശി എരഞ്ഞിക്കൽ, അനീഷ്, വിജിലേഷ്, പരമേശ്വരൻ, ഹബീബ് ഹബി, സാഹിൽ ഹാരിസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ കാമറ സജൻ കളത്തിൽ, സംഗീതം ഗോപി സുന്ദർ, സച്ചിൻ. ഗാനരചന റഫീഖ് അഹമ്മദ്, സുനീർ ഹംസ. വാർത്ത എൻ. മുഹമ്മദ്.