ഷാജി പൊന്നന്പുള്ളി
തൃശൂർ: ആ പാട്ടുകളിനിയും കേൾക്കാൻ… തങ്ങളുടെ പ്രിയപ്പെട്ട സഹോദരനെ വീണ്ടും കാണാൻ അവർ കാത്തിരിക്കുകയാണ്….കാണാതായ സഹോദരനെ തേടി ഒരു കുടുംബം നാടലയുന്നു.
എടത്തിരുത്തി മുനയംദ്വീപിലെ തട്ടാരപുരയ്ക്കൽ ശ്രീനിവാസനെ തേടിയാണ് അനുജൻ അമയനും സഹോദരിയും കുടുംബവും നാടായ നാടലയുന്നത്.
അന്പലങ്ങളിലും നാൽക്കവലകളിലും തുടങ്ങി നാടാകെ അവർ അന്വേഷണത്തിലാണ്. കഴിഞ്ഞ എട്ടാം തിയതിക്ക് ശേഷമാണ് ശ്രീനിവാസനെ കാണാതായത്.
കൈപ്പമംഗലം പോലീസിൽ സഹോദരനെ കാണാതായത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെങ്കിലും തങ്ങളുടെ ശ്രീനിപാപ്പനെ തേടി ഇവർ പലയിടത്തും ചുറ്റിക്കറങ്ങുകയാണ്.
പതിനേഴു വയസുവരെ സ്റ്റേജുകളിലും അന്പലങ്ങളിലും ശ്രീനിവാസൻ തന്റെ ശബ്ദമാധുരി കൊണ്ട് ശ്രോതാക്കളുടെ മനം കവർന്നിരുന്നു.
പതിനേഴുവയസിനു ശേഷം മനസിന്റെ താളം നഷ്ടപ്പെട്ട ശ്രീനിവാസന് പക്ഷേ പാടാനുള്ള തന്റെ ജ·സിദ്ധമായ കഴിവു നഷ്ടപ്പെട്ടില്ല.
കാലം ചെല്ലും തോറും ശ്രീനിവാസന്റെ സ്വരമാധുരിക്ക് തിളക്കം ഏറിവന്നു. പുതിയതും പഴയതുമായ സിനിമാഗാനങ്ങൾ ശ്രീനിവാസൻ പാടി.
സ്റ്റേജ് പ്രോഗ്രാമുകൾ നടക്കുന്പോൾ ക്ഷണിക്കാതെ വരുന്ന അതിഥിയെപോലെ എത്തുന്ന ശ്രീനിവാസന് എല്ലായിടത്തും ഇടമുണ്ടായിരുന്നു.
ഇറങ്ങിപ്പോകാനോ പാടേണ്ടെന്നോ ആരും പറയാറില്ല. ചെവികൾ പൊത്തിപിടിച്ചാണ് ശ്രീനിവാസൻ പാടുക. അതായിരുന്നു ശ്രീനി സ്റ്റൈൽ.
ജൻമനാടായ എടത്തിരുത്തിയിൽ നിന്ന് മറ്റിടങ്ങളിലേക്ക് കിലോമീറ്ററകളോളം നടന്നുപോകുന്നതാണ് ശ്രീനിവാസന്റെ ശീലമെന്നും എവിടെ പോയാലും അന്നുതന്നെ വീട്ടിലേക്ക് മടങ്ങിവരാറുണ്ടെന്നും വീട്ടുകാർ പറയുന്നു.
കഴിഞ്ഞ എട്ടാംതിയതി പോയ ശേഷം ശ്രീനിവാസൻ തിരിച്ചുവന്നിട്ടില്ല.
പലയിടത്തും ആളെ കണ്ടെന്ന് ആളുകൾ പറയുന്പോൾ സഹോദരങ്ങൾ അവിടേക്ക് ഓടിയെത്തും. അവിടെ ക്യാന്പു ചെയ്ത് വിശദമായി അന്വേഷിക്കും.
പക്ഷേ ആളെ കണ്ടെത്താനായിട്ടില്ല. അവർ അന്വേഷണം തുടരുകയാണ്…എവിടെ നിന്നെങ്കിലും ആ മധുര ഗാനം കേൾക്കുന്നുണ്ടോ എന്ന്് ശ്രദ്ധിച്ച് കാതോർത്തിരിക്കുകയാണ്….