സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ കൂടി പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്.
ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചനയുണ്ട്.
ഒരു ബൈക്കും ആയുധങ്ങൾ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുമാണ് കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ നാലു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നു രാവിലെ രണ്ടു പ്രതികളെയും കൊണ്ട് പോലീസ് ശംഖുവാരത്തോട് പള്ളിപരിസരത്ത് തെളിവെടുപ്പ് നടത്തി. കനത്ത പോലീസ് കാവലിലായിരുന്നു തെളിവെടുപ്പ്.
കേസിൽ പിടികിട്ടാനുള്ള മുഖ്യപ്രതികളെ കൃത്യം നടത്താനും മറ്റും സഹായിച്ച മുഹമ്മദ്ബിലാൽ, റിയാസുദ്ദീൻ എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
ഇവർക്കു പുറമെ സഹദ്, പ്രതികളുടെ ഫോണുകൾ വീടുകളിലെത്തിച്ച റിസ്വാൻ എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കി ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും. കൃത്യത്തിൽ നേരിട്ട് പങ്കുള്ള ആറ് പേർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാൻ, തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്കിലുണ്ടായിരുന്ന പട്ടാന്പി സ്വദേശി ഉമ്മർ, ഫിറോസ്, ആക്ടിവ ബൈക്കിൽ ഉണ്ടായിരുന്ന അബ്ദുൾ ഖാദർ എന്നിവരുൾപ്പടെ വൈകാതെ വലയിലാവുമെന്നാണ് പോലീസ് പതറയുന്നത്.
അതിനിടെ സുബൈർ കൊലക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും.