സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ പ്രതികരിച്ച് ശ്രീനിവാസന്. തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ഫേക്ക് അക്കൗണ്ടുകളുണ്ടെന്നും ഫേസ്ബുക്കില്‍ മാത്രം ആറ് വ്യാജ അക്കൗണ്ടുകളാണുള്ളതെന്നും ഇതിലൂടെ വ്യാപകമായി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ശ്രീനിവാസന് പറഞ്ഞു. താന്‍ പുതിയ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ വിവരം അറിയിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
ആദ്യം സപിഎമ്മില്‍ ചേരണമെന്നും പിന്നീട് അത് പാടില്ലെന്നും താന്‍ മകന് വിനീതിനെ ഉപദേശിച്ചെന്നൊക്കെ പ്രചാരണങ്ങളുണ്ട്. സിപിഎം ഒരു ചൂണ്ടയാണെന്നും ശ്രീനിവാസന് പറഞ്ഞെന്നുമുള്ള തരത്തിലായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ ഇവയെല്ലാം വ്യാജമാണെന്നും വിനീതിനോട് ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ശ്രീനിവാസന് വ്യക്തമാക്കി. ഇതുവരെ തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലായിരുന്നു. പുതുതായി തുടങ്ങിയ Sreenivasan Pttaiam എന്ന പേരിലുള്ളതാണ് ഔദ്യോഗിക അക്കൗണ്ടെന്നും ഇതേ പേജിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം പറയുന്നു.
ഫേക്കന്മാര് ജാഗ്രതൈ, ഒറിജിനല്‍ വന്നു എന്ന ക്യാപ്ഷനോടെയാണ് വിഡിയോ…”സുഹൃത്തുക്കള്‍ വഴിയാണ് വ്യാജ അക്കൗണ്ടുകളെക്കുറിച്ച് അറിയുന്നത്. അതുകൊണ്ടാണ് ഔദ്യോഗിക അക്കൗണ്ട് തുടങ്ങാന്‍ തീരുമാനിച്ചത്. എനിക്ക് പറയാന്‍ ആഗ്രഹമുള്ള കുറെ കാര്യങ്ങളുണ്ട്. അത് പറയാനാണ് ഈ അക്കൗണ്ട്” ശ്രീനിവാസന് പറയുന്നു.