മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ നിശിതമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്ത്. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിനെ പിന്തുണച്ചും വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ പരിഹസിച്ചും ശ്രീനിവാസന്‍ സംസാരിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലിപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ആരോപിച്ച ശ്രീനിവാസന്‍ ഡബ്യു.സി.സിയുടെ ഉദ്ദേശ്യമെന്തെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീനിവാസന്‍ ആരോപിച്ചു. ഒന്നരക്കോടിരൂപയ്ക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ലെന്നാണ് ശ്രീനീവാസന്റെ പക്ഷം.
അസുഖബാധിതനായി ചികിത്സകഴിഞ്ഞ് ഇതാദ്യമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ ശ്രീനിവാസന്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെയും തുറന്നവിമര്‍ശനം ഉന്നയിച്ചു. ഡബ്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ല. തുല്യവേതനമെന്ന ആവശ്യവും സിനിമാരംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ച വിമര്‍ശനങ്ങളെയും ശ്രീനിവാസന്‍ തള്ളി. ഒരു സംഘടനയേയും നശിപ്പിക്കാനല്ല താന്‍ സംസാരിക്കുന്നതെന്നും ചിലകാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.