സ്വയം തയാറായാല്‍ മാത്രമാണ് ചൂഷണം നടക്കുന്നത്! താരമൂല്യത്തിനനുസരിച്ചാണ് വേതനം; നയന്‍താരയ്ക്ക് ലഭിക്കുന്ന അത്രയും പ്രതിഫലം ഉള്ള എത്ര നടന്മാരുണ്ട്; നയം വ്യക്തമാക്കി ശ്രീനിവാസന്‍

മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള ഡബ്ലുസിസിയുടെ പ്രാധാന്യമെന്തെന്ന് മനസിലാവുന്നില്ലെന്നും കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നുമുള്ള ശ്രീനിവാസന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇത്രയും ആദരിക്കപ്പെടുന്ന ഒരു നടന്‍ കുറച്ചുകൂടി പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്നാണ് പ്രമുഖരടക്കമുള്ള പലരും അഭിപ്രായപ്പെച്ചതും.

എന്നാല്‍ ആരൊക്കെ കുറ്റപ്പെടുത്തിയാലും പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശ്രീനിവാസന്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. ‘സ്വയം തയാറായാല്‍ എന്തും സംഭവിക്കാം,’ എന്നായിരുന്നു സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് ശ്രീനിവാസന്‍ പ്രതികരിച്ചത്.

‘തൊഴില്‍രംഗത്ത് തുല്യതയുണ്ട്. മലയാള സിനിമയില്‍ എന്നല്ല ഒരു സിനിമയിലും ചൂഷണമില്ല. സ്വയം തയാറായാല്‍ എന്തും സംഭവിക്കാം. അല്ലാതെ ഒരു ചൂഷണവുമില്ല. താരമൂല്യമാണ് വേതനം നിശ്ചയിക്കുന്നതിന് അടിസ്ഥാനം. നയന്‍താരയ്ക്ക് ലഭിക്കുന്ന പ്രതിഫലം പല നടന്മാര്‍ക്കും ലഭിക്കാറില്ല. താരമൂല്യം തീരുമാനിക്കുന്നത് അഭിനയിക്കുന്നവരല്ല. ജനങ്ങളുടെ ഇടയില്‍ അവര്‍ക്കുള്ള മാര്‍ക്കറ്റ് വാല്യു ആണ് അത് തീരുമാനിക്കുന്നത്.

ഒരു നടന്‍ അഭിനയിച്ചാല്‍ ഇത്രയും രൂപ സാറ്റലൈറ്റ് ലഭിക്കും. അല്ലെങ്കില്‍ ഡിസ്ട്രിബ്യൂഷന്‍ ലഭിക്കും. അത് അയാള്‍ ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കിയിട്ടുള്ള മാര്‍ക്കറ്റ് വാല്യു ആണ്. അയാള്‍ അഭിനയിക്കുമ്പോള്‍ അത്രയും പ്രേക്ഷകര്‍ അയാള്‍ക്കുവേണ്ടി സിനിമ കാണാന്‍ വരുന്നു.

അങ്ങനെയൊരു നടി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആ നടിക്കും മാര്‍ക്കറ്റ് വാല്യു ഉണ്ടാവും. നയന്‍താരയെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിക്കുന്നത്. അത്രയും തുക പ്രതിഫലം ലഭിക്കുന്ന എത്ര നടന്മാര്‍ ഇവിടെയുണ്ട്? അപ്പോള്‍ എവിടെയാണ് തുല്യത? അതിനെതിരായി ആണുങ്ങള്‍ പ്രത്യേകമായൊരു സംഘടന ഉണ്ടാക്കണ്ടേ?,’ ‘ഞാന്‍ ഏതെങ്കിലും സംഘടന ഇല്ലാതാക്കാന്‍ വേണ്ടിയല്ല സംസാരിക്കുന്നത്. സത്യങ്ങളാണ് പറയുന്നത്. ചില സത്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലത്. പറഞ്ഞാല്‍ അതു കൂടിപ്പോകും’. ശ്രീനിവാസന്‍ വ്യക്തമാക്കി

Related posts