കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ആരോഗ്യനിലയിൽ മാറ്റമുണ്ടെന്നും നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെതന്നെയാണ് കഴിഞ്ഞുവരുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പുതിയ ചിത്രത്തിന്റെ ഡബ്ബിംഗുമായി ബന്ധപ്പെട്ടു കൊച്ചിയിൽ എത്തിയപ്പോൾ ഇന്നലെ രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തു ശരീരത്തിൽ ഓക്സിജന്റെ അളവ് കുറവായിരുന്നതായും ആയാസമുള്ള ജോലികൾ ചെയ്തതിനാലാകാം ശ്വാസതടസം നേരിട്ടതെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞു സിനിമാ മേഖലയിലെ നിരവധി പേർ ആശുപത്രിയിലെത്തുന്നുണ്ട്. ശ്രീനിവാസന്റെ ഭാര്യ വിമലയും മക്കളായ വിനീത്, ധ്യാൻ എന്നിവർ ആശുപത്രിയിലുണ്ട്.