ബോക്സ് ഓഫീസ് ഇളക്കിമറിച്ചു കൊണ്ട് 500 കോടി ക്ലബിലേക്ക് കുതിക്കുകയാണ് രജനികാന്ത്-നെല്സണ് ചിത്രം ജയിലര്.
ഇന്ത്യന് സിനിമയിലെ സൂപ്പര്താരങ്ങള് ഒന്നിച്ച ചിത്രത്തില് മോഹന്ലാലിന്റേയും വിനായകന്റേയും പ്രകടനം കേരളക്കരയിലും വലിയ ഓളമാണ് ഉണ്ടാക്കുന്നത്.
ഇതിനിടെ ജയിലര് സിനിമയുമായി ബന്ധപ്പെട്ട് വിവാദവും ഉയര്ന്നിരുന്നു. ഇതേ പേരില് തന്നെ ധ്യാന് ശ്രീനിവാസന് നായകനായ ചിത്രം ഒരുക്കിയിരുന്നു.
രണ്ട് സിനിമകളും ഒരേ ദിവസമാണ് റിലീസ് പ്രഖ്യാപിച്ചത്. പേരിനെ ചൊല്ലി മലയാളം ജയിലര് അണിയറ പ്രവര്ത്തകര് കേസിന് പോകാനും ഒരുങ്ങിയിരുന്നു.
ഇപ്പോഴിതാ ഈ വിവാദത്തില് പ്രതികരിച്ചിരിക്കുകയാണ് ധ്യാന് ശ്രീനിവാസന്. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ധ്യാനിന്റെ പ്രതികരണം.
പ്രൊമോഷന് ഒന്നും ഇല്ലാതെ തന്നെ തന്റെ സിനിമ ജയിലര് ഇപ്പോള് എല്ലാവര്ക്കും അറിയാമെന്നാണ് ധ്യാന് പ്രതികരിക്കുന്നത്.
ജയിലര് എന്ന പേരുകള് വന്നത് ചിലപ്പോള് കോയിന്സിഡന്സ് ആകാമെന്നും താരം പറഞ്ഞു. കൂടാതെ തന്റെ അച്ഛന് ശ്രീനിവാസനും രജനികാന്തും ഒന്നിച്ച് പഠിച്ചവരാണെന്നും ധ്യാന് പറയുകയാണ്.
‘അച്ഛനും രജനികാന്തും ഒന്നിച്ച് പഠിച്ചതാണ്. 68-69 കാലഘട്ടത്തില് ഒരേ ബാച്ചില് അല്ലെങ്കില് ഒരേ ക്യാമ്പസില് പഠിച്ചവരാണ്. അന്നുതൊട്ടേയുള്ള സൗഹൃദമുണ്ട്. ഇവര് തമ്മില് ഇടയ്ക്കിടെ കാണാറുണ്ട്. ഫോണിലൂടെ സംസാരിക്കാറുമുണ്ട്. അച്ഛന് പറഞ്ഞു രജനികാന്ത് പാവമാടാ, വിട്ടേക്കെന്ന്. കാരണം എനിക്കിനിയും മുന്നോട്ട് കുറേ വര്ഷങ്ങളുണ്ടല്ലോ’ ധ്യാന് ശ്രീനിവാസന് തമാശയായി പറയുന്നു.
അതേസമയം, തന്റെ ജയിലര് സിനിമ ഒരു സീരിയസ് ചിത്രമാണെന്നും 1950കളിലെ കഥയാണെന്നും ധ്യാന് ശ്രീനിവാസന് വ്യക്തമാക്കി.
ഓഗസ്റ്റ് 18നാണ് മലയാളം ജയിലര് റിലീസ്. നേരത്തെ രജനികാന്തിന്റെ ജയിലറിനൊപ്പം തന്നെ ഈ സിനിമയും റിലീസ് ചെയ്യാനായിരുന്നു തീരുമാനം.
നേരത്തെ മലയാളം ജയിലര് സംവിധായകന് സക്കീര് മഠത്തില് തന്റെ ചിത്രത്തിന് തീയറ്റര് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബര് ഓഫീസിന് മുന്നില് ഒറ്റയാള് സമരം നടത്തിയിരുന്നു. പിന്നീട് ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു.