തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ പാത്രം മോഷണം പോയ സംഭവത്തിൽ ഹരിയാന സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മോഷണവുമായി ബന്ധപ്പെട്ട് ഇവരെ പോലീസ് പ്രതി ചേർത്തില്ല.
തിരുവനന്തപുരം പോലീസ് കസ്റ്റഡിയിലെടുത്തത് ഓസ്ട്രേലിയൻ പൗരത്വമുള്ള ഹരിയാന സ്വദേശിയായ ഡോക്ടറേയും ഭാര്യയേയും ഇവരുടെ സുഹൃത്തിനെയുമാണ്. മൂവരെയും സ്വദേശമായ ഹരിയാനയിൽനിന്നു കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു.
ക്ഷേത്രത്തിൽ വെള്ളം തളിക്കുന്ന പാത്രം മോഷ്ടിക്കാൻ ഇവർക്കു ഉദ്ദേശ്യമില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. 13നാണ് ക്ഷേത്രസന്ദർശനം നടത്തിയത്. ഇവർ കൊണ്ടുവന്ന പൂജാ സാധനങ്ങൾ ക്ഷേത്രത്തിനുള്ളിൽവച്ച് താഴെ വീണു. അടുത്തു നിന്നയാൾ ഒരു പാത്രത്തിൽ ഇത് എടുത്തു നൽകി.
പൂജ കഴിഞ്ഞ് പാത്രവുമായി മൂവരും പുറത്തേക്ക് പോയി. അപ്പോൾആരും തടഞ്ഞില്ല. ആരെങ്കിലും തടഞ്ഞാൽ ഉരുളി മടക്കി നൽകുമായിരു ന്നെന്നാണ് ഹരിയാന സ്വദേശികൾ പോലീസിന് മൊഴി നല്കിയത്.
എന്നാൽ ഇവർ കൊണ്ടുപോയ ഈ പാത്രം പുരാവസ്തുവാണ്. അതിസുരക്ഷാമേഖലയിൽനിന്ന് പാത്രം കാണാതായത് വിവാദമായി. തുടർന്ന് ഫോർട്ട് പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഹരിയാന സ്വദേശികൾ പാത്രം കൊണ്ടുപോകുന്നത് കണ്ടത്.
ഗുരുഗ്രാം പോലീസിന്റെ സഹായത്തോടെയാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. കാണാതായ പാത്രവും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാമെന്നു പോലീസ് പറഞ്ഞു.
പോലീസിന് സംഭവിച്ചത് വൻ സുരക്ഷാവീഴ്ച
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ പാത്രം കാണാതായ സംഭവത്തിൽ പോലീസിന് സംഭവിച്ചത് വൻ സുരക്ഷാ വീഴ്ച.അതീവ സുരക്ഷാ മേഖലയായ ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഇത്തരത്തിൽ നിവേദ്യപാത്രം മോഷണം പോയ സംഭവം ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഏറെ ആശങ്കയോടെയാണ് കാണുന്നത്.
ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് പത്മനാഭ സ്വാമിക്ഷേത്രത്തിലെ സുരക്ഷ. കൂടാതെ 200 ലധികം പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ക്ഷേത്രത്തിൽ നിന്നുമാണ് ആരുമറിയാതെ നിവേദ്യ പാത്രം പുറത്തു കൊണ്ടുപോയത്. എന്നാൽ പാത്രം കാണാതായി ദിവസങ്ങൾക്ക് ശേഷമാണ് ക്ഷേത്രം അധികാരികൾ പോലും ഇക്കാര്യം അറിയുന്നത്.