മലപ്പുറം: പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ബീഫ് രാഷ്ട്രീയത്തിൽ തിളച്ചു മറിഞ്ഞ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് രംഗം. ബീഫ് വിഷയത്തിലെ തന്റെ നിലപാട് ബിജെപി സ്ഥാനാർഥി എൻ.ശ്രീപ്രകാശ് അൽപമൊന്നു മയപ്പെടുത്തിയെങ്കിലും വിവാദം കൊഴുക്കുകയാണ്. ദേശീയതലത്തിൽ തന്നെ ചൂടുപിടിച്ചതോടെയാണ് ബിജെപി സ്ഥാനാർഥി ശ്രീപ്രകാശ് നിലപാടു മാറ്റിയത്.
ശ്രീപ്രകാശിന്റെ പരമാർശത്തിൽ ശിവസേന ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു. ശിവസേന മുഖപത്രമായ സാമ്നയിലാണ് ബിജെപിക്കെതിരെ വിമർശനം ഉയർത്തിയത്. ബീഫ് വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പാണെന്നാണ് ശിവസേന നേതൃത്വത്തിന്റെ നിലപാട്.
മലപ്പുറം തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്നായിരുന്നു എൻഡിഎ സ്ഥാനാർഥി എൻ.ശ്രീപ്രകാശിന്റെ പ്രസ്താവന. കഴിഞ്ഞദിവസം മലപ്പുറം പ്രസ്ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്പോഴാണ് ബിജെപി സ്ഥാനാർഥി ബീഫ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. മണ്ഡലത്തിൽ ഗുണമേന്മയുള്ള ബീഫ് കടകൾ തുടങ്ങാൻ മുൻ കയ്യെടുക്കും.
ബീഫ് നിരോധനമുള്ള സംസ്ഥാനങ്ങളിൽ പശുവിനെ കൊല്ലുന്നതാണു നിയമലംഘനമാകുന്നത്. പല സംസ്ഥാനങ്ങളിലും ചത്ത കന്നുകാലികളെപോലും ഭക്ഷണമാക്കുന്നുണ്ട്. ബീഫ് നിരോധനത്തെ അനുകൂലിക്കുന്നയാൾ എന്ന നിലയിൽ തനിക്കാരും വോട്ടുതരാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യർഥിച്ചിരുന്നു.
എന്നാൽ ഇതെല്ലാം രാഷ്ട്രീയവിവാദമാകുകയും രാഷ്ട്രീയ പാർട്ടികൾ ബിജെപിക്കെതിരെ രംഗത്തുവരികയും ചെയ്തു. അതിനിടെ വിവാദത്തിൽ ശ്രീപ്രകാശിനോടു വിശദീകരണം തേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ശ്രീപ്രകാശ് നിലപാടിൽ നിന്നു പിൻവാങ്ങിയത്. ഗോവധ നിരോധനം വേണമെന്നാണ് പറഞ്ഞതെന്നും ഇതാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ബീഫ് വിൽപന തടയില്ലെന്നാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. നിരോധിക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നും ശ്രീപ്രകാശ് പറഞ്ഞു. ബീഫിന്റെ പേരിൽ ബിജെപിയും സിപിഎമ്മും വിഭാഗീയത സൃഷ്ടിക്കുന്നുവെന്നാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോപണം. കേരളത്തിലെ ജനങ്ങൾക്ക് മാംസാഹാരം കഴിക്കുന്നതിനു ആരുടെയും ഒൗദാര്യം വേണ്ട. ഇത്തരം മനോഭാവം സൃഷ്ടിക്കുന്നവർക്കെതിരെയാണ് ജനങ്ങൾ വിധി എഴുതേണ്ടത്.
രാജ്യത്ത് മതേതര ഐക്യം രൂപപ്പെടുത്തുന്നതിൽ ഭാഗമാകാതെ മാറിനിൽക്കുന്ന സിപിഎം ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നിലപാടുകളെ ചോദ്യം ചെയ്യുന്നത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിവാദത്തിൽ ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു. അതേസമയം, പിണറായി സർക്കാരിന്റെ വിലയിരുത്തലാകും മലപ്പുറം ഉപതെരഞ്ഞെടുപ്പെന്നു സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവന വിവാദമാക്കിയ ബിജെപി ബീഫ് വിഷയത്തിൽ സമ്മർദത്തിലാണ്.