എംജെ ശ്രീജിത്ത്
തിരുവനന്തപുരം: മുൻ സർവെ ഡയറക്ടർ ശ്രീ റാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ച സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കാണാതായ മൊബൈൽ ഫോൺ ഇപ്പോഴും ഉപയോഗത്തിൽ. അപകടം നടന്ന ശേഷം ബഷീറിന്റെ ഈ പേഴ്സണൽ ഫോൺ കാണാതായിരുന്നു. ഇതേക്കുറിച്ച് പലതവണ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ പോലീസിന് ഈ ഫോൺ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇന്നലെ വൈകുന്നേരം ആറുമണിക്കും രാത്രി 9.17നും ഇടയിൽ ബഷീർ അംഗമായിരുന്ന, മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്ടായി.
തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർ അംഗമായ ഇന്നത്തെ പരിപാടി ഗ്രൂപ്പിൽ നിന്നാണ് ആദ്യം ഈ നന്പർ പുറത്തു പോയത്. അതിനു ശേഷം ദേവസ്വം ബോർഡിന്റെ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ, സിറാജ് പത്രത്തിന്റെ വാട്സ് ആപ് ഗ്രൂപ്പ്, മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പ്, ഐപിഎസ് സംഘടനയുടെ മീഡിയ ഗ്രൂപ്പ് തുടങ്ങി ബഷീർ അംഗമായിരുന്ന എല്ലാ ഗ്രൂപ്പുകളിൽ നിന്നും ഇന്നലെ ആറു മണിമുതൽ ഇന്നു പുലർച്ചെവരെയുള്ള സമയത്തിനുള്ളിൽ ഈ നന്പർ പുറത്തായി.
ബഷീറിന്റെ പേഴ്സണൽ നന്പറായ 9048888504 നന്പറാണ് വാട്സ് ഗ്രൂപ്പിൽ നിന്നും പുറത്തു പോയത്. ഈ നന്പറിലേക്ക് വിളിച്ചാൽ സേവനം താത്കാലികമായി നിർത്തി വച്ചിരിക്കുന്നുവെന്നാണ് പറയുന്നത്. പോലീസ് അന്വേഷണം നടക്കുന്പോഴും ഫോൺ ഇപ്പോഴും ആരുടേയോ കൈയിൽ സുരക്ഷിതമായി ഉണ്ട് എന്നതിന്റെ തെളിവാണിത്. ഈ നന്പർ ഇതുവരെ മൊബൈൽ കന്പനി വേറെ ആൾക്ക് കൈമാറിയിട്ടില്ല. കൈമാറിയിരുന്നുവെങ്കിൽ ഫോൺ റിങ് ചെയ്യുകയും ആരെങ്കിലും എടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അങ്ങനെയില്ല.
അപകടത്തിനു ശേഷം ഈ ഫോണിൽ നിന്ന് കോൾ വിളിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി ഷാനവാസ് രാഷ്ട്രദീപികയോട് പറഞ്ഞത്. വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തു പോയകാര്യം അന്വേഷിക്കാമെന്ന് എസ്പി പറഞ്ഞു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രോഗ്രാം പരിപാടികൾ അടക്കമുള്ള എല്ലാ കാര്യങ്ങളും ഔദ്യോഗികമായി വാട്സ് ഗ്രൂപ്പുകളിലൂടെ അറിയിക്കാറുണ്ട്. മാധ്യമ പ്രവർത്തകനെന്ന നിലയിൽ ബഷീർ ഈ ഗ്രൂപ്പുകളിലെല്ലാം അംഗമാണെന്ന് കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തോട് സിറാജ് മാനേജുമെന്റും ബഷീറിന്റെ കുടുംബവും തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരും അറിയിച്ചിരുന്നു.
അപകടത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ ബഷീറിന്റെ ഫോൺ കണ്ടെത്തണമെന്ന് ബഷീറിന്റെ കുടുംബം നിരന്തരം ആവശ്യപ്പെടുന്നതാണ്. എന്നിട്ടും ഇതുവരെ അന്വേഷണ സംഘം ഇതു ഗൗരവമായി എടുത്തില്ലെന്നതിന്റെ തെളിവാണ് ഗ്രൂപ്പുകളിൽ നിന്നുള്ള പുറത്താകൽ. വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഒരേ സമയം അല്ല പുറത്തു പോയിരിക്കുന്നത്. പല പല സമയങ്ങളിലാണ്. ഒരുമിച്ചാണ് പുറത്തു പോയതെങ്കിൽ ഉപയോഗിക്കാതെയിരുന്നു പുറത്തായെന്ന് അനുമാനിക്കാം. ഇത് അങ്ങനെയല്ല കൃത്യമായ ഇടവേളകളിലാണ് പോയിരിക്കുന്നത്.
ഇതിന്റെ സാങ്കേതിക വശം അറിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസിന്റെ സൈബർ സെല്ലിനോട് പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി രാഷ്ട്രദീപികയോട് പറഞ്ഞു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച അപകടത്തിൽ പ്രതിസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസുമാണ്.
അപകടം നടന്ന സമയം മുതൽ ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പോലീസും ഐഎഎസ് ഉദ്യോഗസ്ഥ ലോബിയുംനടത്തി ക്കൊണ്ടിരിക്കുന്നത്. അപകടം നടന്ന് നാലുമാസം കഴിഞ്ഞിട്ടും പോലീസിന് ബഷീറിന്റെ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് തന്നെ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നതിന്റെ തെളിവാണ്. ഇപ്പോഴത്തെ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് മാധ്യമപ്രവർത്തകരുടേയും സിറാജ് മാനേജുമെന്റിന്റെയും തീരുമാനം.