സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട വാഹനാപകട കേസുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ രണ്ടുമാസത്തേക്കു കൂടി നീട്ടി. അമിതവേഗത്തിലുള്ള വാഹനാപകട കേസുമായി ബന്ധപ്പെട്ടു ശ്രീറാം വെങ്കിട്ടരാമനെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണു നീട്ടിയത്.
എന്നാൽ, അപകടമുണ്ടായ സമയത്തു വാഹനം ഓടിച്ചിരുന്നത്, താനല്ലെന്നും മദ്യപിച്ചിരുന്നില്ലെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറിക്കു മറുപടി നൽകി. കേസുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി, ശ്രീറാമിനോടു തേടിയ വിശദീകരണത്തിനുള്ള മറുപടിയിലാണ് ശ്രീറാം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടു തന്റെ ഭാഗം വിശദമായി കേൾക്കാൻ അവസരം നൽകണമെന്നും സസ്പെൻഷൻ പിൻവലിച്ചു സർവീസിൽ തിരിച്ചെടുക്കണമെന്നും മറുപടിയിൽ പറയുന്നു.
അപകടമുണ്ടായ സമയം സുഹൃത്ത് വഫയാണ് കാർ ഓടിച്ചിരുന്നത്. മനഃപൂർവ്വമല്ലാത്ത അപകടമായിരുന്നു. അപകടത്തിൽ പെട്ട മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. താൻ മദ്യപിച്ചതായുള്ള സാക്ഷി മൊഴികൾ ശരിയല്ല. രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമൻ വിശദീകരിച്ചിട്ടുണ്ട്.
മറുപടിയുടെ അടിസ്ഥാനത്തിൽ ഐഎഎസുകാരുടെ സസ്പെൻഷൻ പുനഃപരിശോധനാ സമിതി ശ്രീറാമിന്റെ ഭാഗം കേൾക്കുമെന്നാണു സൂചന. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു പുലർച്ചെ ഒരു മണിയോടെയാണ് ശ്രീറാം ഓടിച്ചിരുന്ന കാറിടിടിച്ചു മാധ്യമ പ്രവർത്തകനായ കെ.എം.ബഷീർ മരിച്ചത്. സംഭവം നടക്കുന്പോൾ അദ്ദേഹം സർവേ ഡയറക്ടറായിരുന്നു. തുടർന്ന് സസ്പെൻഷനിലായിരുന്ന അദ്ദേഹത്തിൽ നിന്ന് വിശദീകരണവും തേടിയിരുന്നു.
അപകട സമയം മദ്യപിച്ചിരുന്നെന്ന ആരോപണം ഉയർന്നെങ്കിലും ശ്രീറാമിന്റെ രക്ത പരിശോധന നടത്താൻ പോലീസ് തയാറാകാതിരുന്നത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മ്യൂസിയം പോലീസ് സസ്റ്റേഷനിലെ ക്രൈം എസ്ഐയെ സംഭവവുമായി ബന്ധപ്പെട്ടു സസ്പെൻഡ് ചെയ്തിരുന്നു.