തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യുമെന്ന് തിരുവനന്തപുരം ആർടിഒ വ്യക്തമാക്കി. അമിതവേഗത്തിനും വാഹനത്തിലെ ഗ്ലാസിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചതിനും ഇരുവർക്കും മോട്ടോർ വാഹനനിയമ പ്രകാരം നോട്ടീസ് നൽകിയിരുന്നു.
നോട്ടീസ് നൽകി പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും ഇരുവരും മറുപടി നൽകിയിരുന്നില്ല. അതിനാലാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടൻ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുമെന്നും ആർടിഒ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനാപകട കേസിൽ ശ്രീറാമും വഫ ഫിറോസും ജാമ്യത്തിലാണ്.