ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്ത്. പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ.രാജേശ്വരി വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ എ ഗ്രേഡ് സബ് കളക്ടറും എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടര്‍ സ്ഥാനവും തുല്യ തസ്തികകളാണെന്ന് വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര പേര്‍സണല്‍ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ഐഎഎസ് കേരള കേഡറിലെ നിലവിലെ അനുവദനീയ തസ്തികകളുടെ ലിസ്റ്റ് പ്രകാരമാണിതെന്നും വിവരാവകാശത്തില്‍ പറയുന്നുണ്ട്. എഎഎസ് ചട്ടപ്രകാരം ഇനി അഞ്ചുവര്‍ഷത്തിന് ശേഷം മാത്രമെ ശ്രീറാമിന് സ്ഥാനക്കയറ്റം ലഭിക്കുകയുളളൂ.
ഇതാണ് സര്‍ക്കാര്‍ വളച്ചൊടിച്ചതും. കഴിഞ്ഞ ജൂലൈയിലാണ് മൂന്നാര്‍ സബ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിയമിച്ചത്. മൂന്നാറിലെ വിവാദമായ കയ്യേറ്റമൊഴിപ്പിക്കലില്‍ സിപിഐയും സിപിഐഎമ്മും തമ്മില്‍ കടുത്ത ഭിന്നതകള്‍ നിലനില്‍ക്കവെയാണ് ശ്രീറാമിന്റെ സ്ഥലം മാറ്റം ഉണ്ടാകുന്നതും. ഈ സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന് ആരോപണം ഉയരുകയും ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ശ്രീറാമിന് പ്രമോഷനാണ് നല്‍കിയതെന്ന വാദത്തിലായിരുന്നു സര്‍ക്കാര്‍ ഉറച്ചുനിന്നതും. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.