വായന അതിരുകടന്ന ശീലമാണ്! പുസ്തകത്തിനുവേണ്ടി മണിക്കൂറുകള്‍ ചെലവഴിക്കുന്നതിനുപകരം സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യൂ; ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ പ്രസ്താവനയ്ക്ക് വിമര്‍ശന വര്‍ഷം

വായന എന്ന ശീലത്തെക്കുറിച്ച് മഹാന്മാരാടക്കം നിരവധിയാളുകള്‍ നല്ല ചിന്തകള്‍ പങ്കുവച്ചിട്ടുണ്ട്. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും എന്ന കുഞ്ഞുണ്ണിമാഷിന്റെ കവിത വായനയുടെ ശക്തിയെ വ്യക്തമാക്കുന്നതാണ്. എന്നാല്‍ വായനയെക്കുറിച്ച് ഐഎസുകാരനും നിലവില്‍ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും, എഴുത്തുകാരും, സോഷ്യല്‍മീഡിയ ഉപയോക്താക്കളും അടക്കം നിരവധിയാളുകള്‍ ശ്രീറാമിന്റെ ഈ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുകയുണ്ടായി.

ഒരു ദിനപത്രത്തിന്റെ പ്രതികരണ പക്തിയിലായിരുന്നു വായന അതിരു കടന്ന ശീലമാണ് എന്നും ഒരു പുസ്തകത്തിനു വേണ്ടി മണിക്കൂറുകളായ മണിക്കൂറുകളൊക്കെ കളഞ്ഞു കളിക്കുന്നതിനേക്കാള്‍ എത്രയോ നല്ല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയും എന്നും ശ്രീറാം അഭിപ്രായപ്പെട്ടത്. സോഷ്യല്‍ മീഡിയ ശ്രീറാമിന്റെ പ്രതികരണത്തെ ഏറ്റെടുത്തതോടെ ചവറു പുസ്തകങ്ങള്‍ ഒക്കെ വായിച്ച് ഐഎഎസ് എടുത്ത സമയത്തു തെങ്ങിനു തടം എടുത്തിരുന്നെങ്കില്‍ നാലു തേങ്ങ എങ്കിലും കിട്ടിയേനെ, അല്ലയോ മീഷ്ടര്‍ തേവള്ളിപ്പറമ്പില്‍, വായന എന്താണ് എന്നു പോലും അറിയാത്ത ദുരന്തം എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ വിഷ്ണു വേണുഗോപന്‍ പരിഹസിച്ചത്. അധ്യാപികയും ആക്ടിവിസ്റ്റുമായ ദീപ നിശാന്തും ഇതു സംബന്ധിച്ച് തന്റെ വിമര്‍ശനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related posts