തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ പരുക്കുകളോടെ എത്തിച്ചപ്പോൾ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന മൊഴി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലും ആവർത്തിച്ചു തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോ. രാകേഷ്. മാധ്യമ പ്രവർത്തകനെ വാഹനം ഇടിച്ചു കൊന്ന കേസിലെ പ്രതിയായ ശ്രീറാമിനെ ആദ്യം പരിശോധിച്ചത് ജനറൽ ആശുപത്രിയിലെ ഡോ. രാകേഷായിരുന്നു.
ശ്രീറാമിന്റെ രക്ത പരിശോധന നടത്താൻ പോലീസ് ആവശ്യപ്പെട്ടിരുന്നില്ല. കൈയ്ക്കു പരിക്കേറ്റതിനാൽ രക്ത സാംപിൾ നൽകാൻ ശ്രീറാം വിസമ്മതിച്ചതായും ഡോക്ടർ മൊഴി നൽകി. ഡോക്ടർ രാകേഷിന്റെ പേട്ടയിലെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ ഷീൻ തറയിൽ മൊഴി രേഖപ്പെടുത്തിയത്.
അപകടം നടക്കുന്പോൾ ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിനെ അന്വഷണ സംഘം വൈകാതെ ചോദ്യം ചെയ്യും.ഓർമക്കുറവ് ഉണ്ടെന്നും അപകട സമയത്തെ കാര്യങ്ങൾ ഓർമയില്ലെന്നും ഡോക്ടർമാർ പറയുന്ന സാഹചര്യത്തിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ ചോദ്യം ചെയ്യൽ വൈകിയേക്കും.
സസ്പെൻഷനിലുള്ള മ്യൂസിയം എസ്ഐ ജയപ്രകാശ്, ഇൻസ്പെക്ടർ ജെ. സുനിൽ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. അപകടത്തിൽ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ ആശുപത്രിയിലെത്തിക്കാനാണ് ശ്രമിച്ചതെന്നു ജയപ്രകാശ് മൊഴി നൽകി. ആശുപത്രിയിലെത്തിച്ച ശ്രീറാമിന്റെ രക്തം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡോക്ടറും ശ്രീറാമും അടക്കമുള്ളവർ അതിനെ എതിർത്തുവെന്നും ജയപ്രകാശ് പോലീസിന് മൊഴി നൽകി.
ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്നു പരിഗണിക്കുന്നുണ്ട്.
ആശുപത്രിയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം പോലീസിന് ശേഖരിക്കാനായിട്ടില്ല. അപകടം നടന്ന് ആറു ദിവസമായിട്ടും വിരലടയാളം ശേഖരിക്കാൻ ഡോക്ടർമാരിൽ നിന്ന് പോലീസ് സംഘത്തിന് അനുമതി ലഭിക്കാത്തതാണ് കാരണം. കൈയിൽ പരിക്കുള്ള ശ്രീറാമിൽ നിന്ന് ഇപ്പോൾ വിരലടയാളം ശേഖരിക്കാനാകില്ലെന്ന നിലപാടിലാണ് ഡോക്ടർമാർ.
അപകടം നടന്നതിന് പിന്നാലെ വിരലടയാള വിദഗ്ധരെത്തി കാറിൽ നിന്ന് വിരലടയാളങ്ങൾ ശേഖരിച്ചിരുന്നു. വാഹനത്തിന്റെ സ്റ്റിയറിംഗ്, ഗിയർ ഡോർ ഹാൻഡിൽ തുടങ്ങിയവയിൽ നിന്നാണ് വിരലടയാളങ്ങൾ ശേഖരിച്ചത്. ഇവ ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും വിരലടയാളങ്ങളുമായി ഒത്തുനോക്കേണ്ടതുണ്ട്. വാഹനമോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നത് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്.
അപകടം നടന്ന് ആറുദിവസമായിട്ടും വിരലടയാളം ശേഖരിക്കാനാകാത്തതിനാൽ വാഹനമോടിച്ചതാരാണെന്നത് ശാസ്ത്രീയമായി ഉറപ്പാക്കാനായിട്ടില്ല.
ശ്രീറാം വെങ്കിട്ടരാമനു റെട്രോഗ്രേഡ് അംനീഷ്യയെന്നു ഡോക്ടർമാർ
തിരുവനന്തപുരം: വാഹനാപകടത്തിനു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് റെട്രോഗ്രേഡ് അംനീഷ്യയെന്ന വാദവുമായി ഡോക്ടർമാർ.
പ്രത്യേക സംഭവത്തെക്കുറിച്ച് ഓർമ നഷ്ടപ്പെടുന്ന അവസ്ഥയാണ് റെട്രോഗ്രേഡ് അംനീഷ്യ. ഇതിനാൽ അപകട സമയത്തെ വിവരങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നില്ലത്രേ.
വരും നാളുകളിൽ ഇതിനു മാറ്റമുണ്ടാകുമെന്നാണു ഡോക്ടർമാർ പറയുന്നത്. ഇതൊഴികെ മറ്റു കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ശ്രീറാമിനില്ല. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് അദ്ദേഹത്തെ ഹൈ കെയർ വാർഡിലേക്കു മാറ്റി. ശ്രീറാമിന്റെ ഇടതു കൈയ്ക്ക് പരിക്കുണ്ട്. ഇതിനു ചികിത്സ തുടരാൻ നിർദേശം നൽകി. ശ്രീറാമിന് മാനസികസംഘർഷം കുറയ്ക്കാനുള്ള മരുന്നു തുടരാനും നിർദേശിച്ചിട്ടുണ്ട്.
നീതി ലഭിക്കാൻ ജാഗ്രതയോടെയുള്ള നടപടിക്കായി മുഖ്യമന്ത്രിക്കു നിവേദനം
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥൻ കാറിടിച്ചു കൊന്ന കേസിൽ ജാഗ്രതയോടെയുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറാജ് പത്രത്തിന്റെ മാനേജ്മെന്റ് മുഖ്യമന്ത്രിക്കു നിവേദനം നൽകി. കെ.എം. ബഷീറിന്റെ കുടുംബത്തിനും പൊതു സമൂഹത്തിനും നീതി ലഭിക്കാൻ നടപടിയുണ്ടാകണം.
അപകടത്തിനുശേഷം ശ്രീറാം വെങ്കട്ടരാമനെ പോലീസ് ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഒപി ടിക്കറ്റിൽ ശ്രീറാമിനു മദ്യത്തിന്റെ മണമുണ്ടെന്ന് രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ ഇടപെടലുകളെ തുടർന്ന് വിട്ടയച്ച ശ്രീറാമിനെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ത പരിശോധന ഒന്പതു മണിക്കൂർ വൈകിപ്പിച്ചു.
രക്തപരിശോധന വൈകിപ്പിക്കുകയും കേസ് ദുർബലപ്പെടുത്തുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനെയും എസ്ഐ ജയപ്രകാശിനെയും മറ്റു ഗൂഢാലോചനക്കാരെയും പ്രതിചേർക്കണമെന്നും പ്രധാന സാക്ഷികളായ ഓട്ടോറിക്ഷാ ഡ്രൈവർമാരായ ഷെഫീക്, മണിക്കുട്ടൻ, ആർക്കിടെക്ട് ജോബി, തട്ടുകടയിലെ ജീവനക്കാരനായ ജിത്തു എന്നിവരെ സെക്ഷൻ 164 സ്റ്റേറ്റ്മെന്റ് അനുസരിച്ച് മൊഴി രേഖപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടതായി സിറാജ് ഡയറക്ടർ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി പത്രസമ്മേളനത്തിൽ അറിയിച്ചു.സിറാജ് ചീഫ് എഡിറ്റർ അബ്ദുൾ ഗഫൂർ, എ. സെയ്ഫുദീൻ ഹാജി, മുഹമ്മദ് കാസിം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.