തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിപ്പട്ടികയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസിൽ തിരിച്ചെടുത്തു. സസ്പെൻഷൻ കാലാവധി പൂ൪ത്തിയാകുന്നതിനു മുൻപു തിരിച്ചെടുക്കുകയായിരുന്നു. ഫയലിൽ മുഖ്യമന്ത്രി ഒപ്പുവച്ചു.
കോവിഡ്- 19 ഭീതി നിലനിൽക്കുന്നതിനിടയിൽ കോവിഡ് പ്രതിരോധ ചുമതലയോടെ ആരോഗ്യ- കുടുംബക്ഷേമ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായാണ് ഡോക്ടർ കൂടിയായ ശ്രീറാമിനെ നിയമിച്ചത്. വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും അദ്ദേഹം ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ശ്രീറാമിനെതിരേയുള്ള വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് അനുകൂലമായതിനു പിന്നാലെയാണു നിയമന നടപടിയുണ്ടായത്.
കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നാണു സർക്കാർ വിശദീകരണം. അപകടവുമായി ബന്ധപ്പെട്ട കോടതിവിധി വരുന്നതുവരെ ശ്രീറാമിനെ പുറത്തു നിര്‍ത്തുന്നത് ശരിയല്ലെന്നും വിധി വന്നശേഷം തുടര്നടപടിയാകാമെന്നുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു നടന്ന അപകടത്തില്‍ മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ കൊല്ലപ്പെടുകയും പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് അറസ്റ്റിലാവുകയുമായിരുന്നു. എന്നാൽ, ശ്രീറാം മദ്യപിച്ചെന്നു കണ്ടെത്താനുള്ള പരിശോധന നടത്താൻ മണിക്കൂറുകൾ വൈകി.
പിന്നീട്, ഓഗസ്റ്റ് അഞ്ചിനാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധിയായ ആറുമാസം പൂര്‍ത്തിയാകുന്നതിനു മുൻപ് അദ്ദേഹത്തെ സര്‍വീസില്‍ തിരികെയെടുക്കാന്‍ ശ്രമമുണ്ടായി. എതിര്‍പ്പിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി ആദ്യം മുതല്‍ 90 ദിവസത്തേക്ക് കൂടി സസ്പെന്ഷന് നീട്ടി.
അപകടം നടന്ന സമയത്ത് ശ്രീറാം മദ്യപിച്ചാണ് അമിതവേഗത്തില്‍ വാഹനമോടിച്ചതെന്ന് ആരോപണമുയര്‍ന്നതോടെ വകുപ്പുതല അന്വേഷണത്തിനായി പട്ടിക ജാതി-വർഗ വികസന ഡയറക്ടര്‍ സഞ്ജയ് ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള സമീതിയെ നിയമിച്ചു.
ചീഫ് കെമിക്കല്‍ എക്സാമിനറില്‍ നിന്നും പോലീസില്‍ നിന്നും ഉള്‍പ്പെടെ തെളിവു ശേഖരിച്ച സമിതി ശ്രീറാം മദ്യപിച്ചിരുന്നതായി കണ്ടെത്താനായില്ലെന്ന റിപ്പോർട്ടാണു നല്‍കിയത്. തുടര്‍ന്ന് ശ്രീറാമിനെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ചും അദ്ദേഹത്തെ സര്‍വീസില്‍ തിരികെയെടുക്കാമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമ൪പ്പിച്ചു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരികെയെടുത്തത്. കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാമിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അപകടത്തിനു പിന്നാലെ, താനല്ല വാഹനമോടിച്ചതെന്നും സഹയാത്രികയായ വഫയാണെന്നുമാണ് ശ്രീറാം മൊഴി നല്‍കിയിരുന്നത്.
എന്നാല്‍, വഫ കോടതിയില്‍ നല്കിയ രഹസ്യമൊഴിയില്‍ ശ്രീറാമാണ് വാഹനമോടിച്ചതെന്നും അദ്ദേഹം മദ്യപിച്ച നിലയിലായിരുന്നുവെന്നും പറഞ്ഞിരുന്നു. അപകടത്തിനുശേഷം ശ്രീറാമിന് ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ഡോക്ടര്‍ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, രക്തപരിശോധ നയിൽ മദ്യത്തിന്റെ അംശമില്ലെന്നായിരുന്നു ചീഫ് കെമിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ട്.
ശ്രീറാമിനെ ആരോഗ്യവകുപ്പിൽ നിയമിക്കുന്നതു സാക്ഷിമൊഴി അട്ടിമറിക്കാൻ?
തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗത്തിൽ ഓടിച്ച കാറിടിച്ചു മാധ്യമ പ്രവർത്തകൻ മരിച്ച കേസിൽ ആരോപണവിധേയനായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിയമിച്ചത് കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായെന്നു സംശയം. കേസ് കോടതിയിലെത്തുമ്പോൾ പ്രധാന സാക്ഷികളെയും സാക്ഷിമൊഴികളും രേഖകളും അട്ടിമറിക്കാൻ ഇത് ഇടയാക്കുമെന്നാണ് ആരോപണം.
ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ആദ്യം രേഖപ്പെടുത്തിയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറായിരുന്നു. കേസിലെ സാക്ഷിയായ ഇദ്ദേഹത്തിന്റെ റിപ്പോർട്ട് നിർണായകമാണ്.
ഡോക്ടറുടെ മുകളിലുള്ള ഉദ്യോഗസ്ഥനായി ശ്രീറാം എത്തുന്നതോടെ സാക്ഷിക്കുമേൽ സമ്മർദമോ ഭീഷണിയോ ഉണ്ടാകാം. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ അടക്കമുള്ളവർക്കും കോടതിയിൽ വിചാരണ നടക്കുമ്പോൾ സാക്ഷിമൊഴി നൽകുന്നതിൽ സമ്മർദമുണ്ടാകാം. കേസുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകളിലും കൃത്രിമം സൃഷ്ടിക്കപ്പെടാം.
അപകടസമയം ശ്രീറാം നൂറു കിലോമീറ്റർ വേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്നു കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ട മാധ്യമ പ്രവർത്തകൻ കെ. എം. ബഷീർ ഇടിയുടെ ആഘാതത്തിൽ അപകടസ്ഥലത്തുനിന്ന് 25.5 മീറ്റർ നീളത്തിൽ തെറിച്ചുപോയതായും കണ്ടെത്തിയിരുന്നു.
ഇത്തരത്തിലുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളെല്ലാം അട്ടിമറിക്കാനും പുതിയ നിയമനം വഴി സാധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. അപകടസമയത്തു ശ്രീറാമിന്റെ രക്തത്തിലെ മദ്യത്തിന്റെ അളവുപരിശോധന നേരത്തേ ചില ഉന്നതർ ഇടപെട്ട് 10 മണിക്കൂർ വൈകിച്ചിരുന്നു.