സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച നിലയിലാണ് ഡ്രൈവിംഗ് സീറ്റിൽനിന്നു പുറത്തേക്ക് ഇറങ്ങിയതെന്നു ദൃക്സാക്ഷികളായ ഓട്ടോ ഡ്രൈവർമാർ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി.
സംഭവം നടന്നയുടൻ അപകട സ്ഥലത്തെത്തിയ മ്യൂസിയം ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരായ ഷെഫീഖ്, മണിക്കുട്ടൻ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന് മൊഴി നൽകിയത്.
അമിത വേഗത്തിലാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിനു ശേഷം വാഹനത്തിൽനിന്നിറങ്ങിയ ഇദ്ദേഹമാണ് അപകടത്തിൽ പെട്ട ബഷീറിനെ എടുത്തു കിടത്തിയത്. സംഭവത്തിനു ശേഷം വാഹനത്തിലുണ്ടായിരുന്ന സ്ത്രീ ഓട്ടോറിക്ഷയിലാണു പോയതെന്നും ഇവർ മൊഴി നൽകി.
പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷണം ആരംഭിച്ച ആദ്യ ഘട്ടത്തിൽ മൊഴി നൽകാനായി എത്തുന്നതിന് ഇവർക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അസൗകര്യം മൂലം എത്താനായിരുന്നില്ല. തുടർന്നാണ് ഇന്നലെ ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
അപകട ദിവസം കെ.എം. ബഷീർ എപ്പോൾ ഓഫീസിലെത്തി എപ്പോൾ മടങ്ങി തുടങ്ങിയ കാര്യങ്ങൾ സിറാജ് പത്രത്തിന്റെ ജീവനക്കാരിൽനിന്ന് അന്വേഷണ സംഘം ശേഖരിച്ചു.അന്വേഷണ സംഘം അടുത്ത ദിവസങ്ങളിൽ ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തും.