തിരുവനന്തപുരം: വിവാദമായ വാഹനാപകട കേസിൽ കാർ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്നു വ്യക്തമാക്കി ഫിംഗർപ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ട്. മാധ്യമ പ്രവർത്തകനായ കെ.എം. ബഷീർ മരിച്ച കേസിൽ അപകടത്തിൽപെട്ട കാറിന്റെ ഡ്രൈവർ സീറ്റിലെ സീറ്റ് ബെൽറ്റ് ക്ലിപ്പിൽനിന്നു ലഭിച്ച വിരലടയാളം ശ്രീറാമിന്റെതാണെന്നു വ്യക്തമാക്കിയുള്ള ഫിംഗർപ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറി. അപകട സമയത്തു കാർ ഓടിച്ചിരുന്നതു വഫ ഫിറോസാണെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം തള്ളിക്കളയുന്നതാണു ഫിംഗർപ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ട്.
എന്നാൽ, കാറിന്റെ ഡോറിലെ ഹാൻഡിൽ, സ്റ്റിയറിംഗ് എന്നിവയിൽനിന്നു ലഭിച്ച വിരലടയാളങ്ങൾ പരിശോധന പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ വ്യക്തമായിട്ടില്ല. അപകടം നടന്നു മണിക്കൂറുകൾക്കു ശേഷമാണു വിരലടയാള വിദഗ്ധർ വിരലടയാളങ്ങൾ ശേഖരിച്ചത്.
ഫോറൻസിക്, വിരലടയാളം സംഘങ്ങൾ എത്തുന്നതിനു മുന്പ് തന്നെ വാഹനം അപകട സ്ഥലത്തുനിന്നു മാറ്റിയതും പരിശോധനയ്ക്കു മുന്പ് മഴ പെയ്തതും ഡോർ ഹാൻഡിലിൽനിന്നു വ്യക്തമായ വിരലടയാളം ലഭിക്കുന്നതിനു തടസമായി. അപകടസമയത്തു കാർ ഓടിച്ചിരുന്നതു വഫ ഫിറോസാണെന്നു ശ്രീറാം ആരോപിച്ചിരുന്നു. എന്നാൽ, ശ്രീറാം വെങ്കിട്ടരാമനാണ് കാർ ഓടിച്ചിരുന്നതെന്നു വഫ പോലീസിനും മജിസ്ട്രേറ്റിനും മൊഴി നൽകിയിരുന്നു.
ഇതിനിടയിൽ, ശ്രീറാം വെങ്കിട്ടരാമൻ വാഹനമോടിക്കുന്നതും വഫ ഇടതുവശത്തെ സീറ്റിൽ ഇരിക്കുന്നതും വ്യക്തമായ കാമറാ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു.മുഖ്യസാക്ഷികൾ അടക്കമുളളവരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമനെയും വഫ ഫിറോസിനെയും പോലീസ് ചോദ്യം ചെയ്തു.
ഇനി ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴി കൂടി രേഖപ്പെടുത്തുകയും അപകടത്തിൽപെട്ട കാർ പരിശോധിച്ച ഫോക്സ്വാഗണ് കന്പനിയുടെ റിപ്പോർട്ട് കൂടി ലഭിച്ചാൽ കുറ്റപത്രം തയാറാക്കാനാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ശ്രീറാമിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെയും മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഡോക്ടർമാരിൽനിന്നു മൊഴിയെടുക്കും.