തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയാകുന്നു. രണ്ടാഴ്ചയ്ക്കകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇതിനു മുന്നോടിയായി അപകടത്തിലെ എല്ലാ ദൃക്സാക്ഷികളുടെയും രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ എടുക്കും. ഇതിനായി അടുത്തദിവസം കോടതിയിൽ അപക്ഷേ നൽകും. ശ്രീറാമിനൊപ്പം അപകടസമയത്തു കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി നേരത്തേ എടുത്തിരുന്നു.
അപകടസമയത്തു കാറിന്റെ വേഗം അടക്കമുള്ള കാര്യങ്ങൾ വ്യക്തമാകാനുള്ള റിപ്പോർട്ടുകൾ ലഭിക്കേണ്ടതുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെയും കാർ നിർമാണ കന്പനിയുടെയും ക്രാഷ് ടെസ്റ്റ് ഫലം അടക്കം വരാനുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധനാ ഫലവും വരണം. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ഉൾപ്പെടെയുള്ളവ ഈ ആഴ്ച ലഭിക്കുന്നതോടെ കുറ്റപത്രം സമർപ്പിക്കാനാകും.
ശ്രീറാം വെങ്കിട്ടരാമനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ അപകടശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിലേക്കാണു പോയത്. അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ച കാഷ്വാലിറ്റി കെയറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രധാന ഡോക്ടറെയും അസിസ്റ്റന്റിനെയുമാണ് പോലീസ് സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമനു കൈകളിൽ നിസാര പരിക്കും മുതുകിന്റെ ഭാഗത്ത് നേരിയ പരിക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഡോക്ടർമാർ മൊഴി നൽകിയത്.ഗുരുതര പരിക്കുകൾ ഇല്ലാതിരുന്നതിനാൽ അത്യാഹിത വിഭാഗത്തിൽ സാധാരണ ചികിത്സമാത്രമാണ് നൽകിയതെന്നും ഡോക്ടർമാർ അന്വേഷണ സംഘത്തോടു പറഞ്ഞു. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
രക്ത പരിശോധനാ സാംപിൾ എടുക്കുന്നതിന് ഉൾപ്പെടെ ഡോക്ടർമാർ അനുമതി നൽകാതിരിക്കുകയും ചെയ്തു.അറസ്റ്റിലായ ശേഷവും ശ്രീറാംവെങ്കിട്ടരാമൻ ഇതേ ആശുപത്രിയിൽ തുടർന്നു. ഇതു വിവാദമായതിനു പിന്നാലെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശ്രീറാമിനെ ജയിലിലേക്കയച്ചത്. ജയിലിലെ ഡോക്ടർമാർ പരിശോധിച്ചശേഷം അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.