തിരുവനന്തപുരം: കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ട വെങ്കിട്ടരാമൻ ഐഎഎസിനേയും വനിതാ സുഹൃത്തിനേയും രക്ഷിക്കാൻ പോലീസ് ഇടപെടൽ. കാറിവുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി പ്രഥമദൃഷ്ട്യാ മനസിലായിട്ടും ഇരുവരുടേയും രക്തപരിശോധന നടത്താൻ പോലീസ് തയാറാകാതിരുന്നതാണ് സംശയങ്ങൾക്ക് ഇടവരുത്തുന്നത്.
കാർ ഓടിച്ചിരുന്നത് താൻ ആയിരുന്നെന്ന് വഫ പറഞ്ഞതായാണ് പോലീസ് ആദ്യം അറിയിച്ചത്. എന്നാൽ അപകടസ്ഥലത്തുനിന്നും ഇവരെ ഉടനെ തന്നെ പോലീസ് പറഞ്ഞയച്ചു. വഫയുടെ പേരിലുള്ള കാറായിട്ടുപോലും പോലീസ് മറ്റു നടപടികളൊന്നും സ്വീകരിച്ചുമില്ല. ശ്രീറാം കാൽ നിലത്തുറയ്ക്കാത്ത തരത്തിൽ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
എന്നാൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച ശ്രീറാമിന്റെ രക്തപരിശോധന നടത്തിയില്ല. ദേഹപരിശോധനയ്ക്കു മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്നാണ് ഡ്യൂട്ടി ഡോക്ടർ പറയുന്നത്. കൈയ്ക്കു പരിക്കുണ്ടായിരുന്ന ശ്രീറാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ശ്രീറാമിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സ്വകാര്യ ആശുപത്രിയിലേക്കുപോയത്.
അപകടത്തിൽ ഒരാൾ മരിച്ച സംഭവമായിരുന്നിട്ടുപോലും തുടക്കത്തിൽ കേസ് എടുക്കാൻ പോലീസ് തയാറായില്ല. കേസേടുത്ത് ക്രൈം നമ്പർ ഇടാതിരുന്നതുമൂലമാണ് രക്തപരിശോധനയ്ക്കായി ഡോക്ടർക്ക് നിർദേശിക്കാൻ സാധിക്കാതിരുന്നത്. അപകടം നടന്ന് 10 മണിക്കൂർ കടന്നുപോയിട്ടും കാറിൽ ഉണ്ടായിരുന്നവരുടെ രക്തപരിശോധന നടത്താൻ പോലീസ് തയാറായിട്ടില്ല.