എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടാൻ കാരണം ഐഎഎസ്-ഐപിഎസ് തലത്തിലെ ഒത്തുകളി. ഐ എ എസ് -ഐപിഎസ് ഉദ്യോഗസ്ഥർ ശ്രീറാമിനുവേണ്ടി പരസ്യമായും രഹസ്യമായും രംഗത്ത് ഇറങ്ങിയതോടെ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പോലും നിരായുധനായി.
ശ്രീറാമി ന് ജാമ്യം ലഭിച്ചത് ആഭ്യന്ത രവകുപ്പിന് നാണക്കേടാ യതോടെയാണ് ജാമ്യം റദ്ദാക്കാൻ മേൽക്കോട തിയിൽ അപ്പീൽ നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. പോലീസും ഐഎഎസ് ഉദ്യോഗസ്ഥരും ഒരുമിച്ചതോടെ അന്വേഷണവും നടപടി ക്രമങ്ങളും വൈകി. അപകടം നടന്ന ഉടൻ സംഭവം അറിഞ്ഞ മ്യൂസിയം പോലീസ് എഫ്.ഐആർ രജിസ്റ്റർ ചെയ്തതു തന്നെ രാവിലെ എഴേകാലിനാണ്. ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞതു മുതൽ ഉന്നത തലത്തിലെ ഇടപെടൽ ആരംഭിച്ചിരുന്നു.
സംഭവം നടന്ന ഉടൻ ഈ കേസിൽ നിന്ന് ശ്രീറാമിനെ രക്ഷിക്കാനിറങ്ങിയവരിൽ ഒരു റിട്ടയേഡ് ഐഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥർ ഒരുമിച്ചത്. പോലീസ് അന്വേഷണവും കേസെടുപ്പിക്കലും വൈകിപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള ഒരുഡിഐജിയും സർക്കാർ ആശുപത്രിയിൽ നിന്ന് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും രക്തസാന്പിൾ എടുക്കുന്നതടക്കമുള്ള കാര്യങ്ങൾ വൈകിപ്പിക്കാൻ വിരമിച്ച ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കാര്യങ്ങൾ നിയന്ത്രിച്ചത്.
2003 ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർ ശ്രീറാമിനെ രക്ഷിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയതോടെ നിയമം കെഎം ബഷീറിന് മുന്നിൽ കണ്ണടയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണം സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നുവെങ്കിലും അത് അട്ടിമറിക്കപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തുന്നതിനായി അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ വൈകിപ്പിച്ച് തെളിവുകൾ ഒാരോന്നായി നശിപ്പിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു.
ഇതാണ് ശ്രീറാമിന് ജാമ്യം കിട്ടുന്നതിന് പ്രധാന കാരണം. അപകടം നടന്ന് 9 മണിക്കൂറിന് ശേഷം എടുത്ത രക്തസാന്പിൾ പരിശോധന ഫലത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയാത്തതും ഇതു കൊണ്ടാണ്. ശ്രീറാം വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലെ സ്യൂട്ടു റൂമിൽ ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ക്യാന്പ് ചെയ്താണ് കാര്യങ്ങൾ ഏകോപിപ്പിച്ചു കൊണ്ടിരുന്നത്.
മാധ്യമങ്ങളുടേയും മാധ്യമ പ്രവർത്തകരുടേയും നിരന്തര സമ്മർദ്ദ ഫലമായി മാത്രമാണ് ശ്രീറാമിനെ അറസ്റ്റു ചെയ്തതും സസ്പെൻഡ് ചെയ്തതും. സസ്പെൻഷൻ ഒഴിവാക്കുന്നതിനായി വലിയ സമ്മർദ്ദമാണ് സർക്കാരിന് മേൽ ഐഎഎസ് ലോബി നടത്തിയത്. ശ്രീറാമിനെതിരെ നടപടി എടുത്തേ പറ്റുവെന്ന നിലപാടിൽ മുഖ്യമന്ത്രിയും എംഎം മണി അടക്കമുള്ള ചില മന്ത്രിമാരും ഉറച്ചു നിന്നതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
ഇല്ലെങ്കിൽ ഇക്കാര്യത്തിൽ ഒന്നും നടക്കില്ലായിരുന്നു. ശ്രീറാമിനെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ വാക്കുകളെ അവഗണിച്ചും നടപടികൾ വൈകിപ്പിച്ചും നടത്തിയ നീക്കമാണ് അവസാനം ശ്രീറാമിന് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്.