തിരുവനന്തപുരം: മുൻ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ ഇടിച്ചു മരിച്ച മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ കാണാതായ മൊബൈൽ ഫോണിലെ കോൾ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നു സൈബർ പോലീസിന് ഇതിനുള്ള കത്തു നൽകും. അപകടത്തിനു മുന്പ് ബഷീർ അവസാനം ഫോൺവിളിച്ചത് ആരൊയൊക്കെയാണെന്ന് കണ്ടെത്തുന്നതിനും ഫോൺ വിളിച്ചു കൊണ്ടിരുന്ന സമയത്താണോ അപകടം ഉണ്ടായത്.
അപകട സമയം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസിലാക്കാനാണ് കോൾ വിവരങ്ങൾ എടുക്കുന്നത്. അപകടത്തിനു ശേഷം ബഷീറിന്റെ ഈ ഫോൺ കാണാനില്ല. അപകട സ്ഥലത്തു നിന്നു കിട്ടിയ വസ്തുക്കളിൽ ഈ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ ഫോൺ കണ്ടെത്തുന്നതിനു കൂടിയാണ് കോൾ വിവരങ്ങൾ പരിശോധിക്കുന്നത്.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വഷണ സംഘത്തിന്റെ തലവൻ നർകോട്ടിക് എസി ഷീൻ തറയിലിന്റെ നേതൃത്വത്തിലുളള സംഘം ഇന്നലെ ശ്രീറാം വെങ്കിട്ട രാമനേയും വഫാ ഫിറോസിനേയും ചോദ്യം ചെയ്തു. കോടതിയിൽ 164 പ്രകാരം നൽകിയ രഹസ്യ മൊഴി തന്നെ വഫ അന്വേഷണ സംഘത്തോട് ആവർത്തിച്ചു.
ശ്രീറാം വണ്ടിയുമായി വരാൻ പറഞ്ഞതു അനുസരിച്ചാണ് കവടിയാറിൽ എത്തിയതെന്നും മദ്യത്തിന്റെ മണം ഉണ്ടായിരുന്നുവെന്നും ശ്രീറാം വാഹനം വേഗത്തിലാണ് ഓടിച്ചതെന്നുമുള്ള മൊഴി വഫ പ്രത്യേക അന്വേഷണ സംഘത്തിനു നൽകി.
താൻ മദ്യപിച്ചല്ല വാഹനം ഓടിച്ചതെന്നാണ് ശ്രീറാം അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് നൽകിയ മറുപടി. അശ്രദ്ധകൊണ്ടാണ് അപകടം ഉണ്ടായതെന്നും അപകടത്തിൽപ്പെട്ടയാളെ അറിയില്ലെന്നും പരിക്കേറ്റു കിടന്ന ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചുവെന്നും ശ്രീറാം അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.