തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു മരിച്ച സംഭവവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ വകുപ്പുതല അന്വേഷണ സമിതിക്കു തെളിവു നൽകി. പട്ടികജാതി- വർഗ വികസന പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് അധ്യക്ഷനും ഊർജ സെക്രട്ടറി ബി. അശോക് അംഗവുമായുള്ള വകുപ്പ്തല അന്വേഷണ സമിതി മുൻപാകെയാണ് ഇന്നലെ ശ്രീറാം വെങ്കിട്ടരാമൻ മൊഴി നൽകിയത്.
സമിതിയുടെ നേതൃത്വത്തിൽ നടന്ന സാക്ഷികളുടെ തെളിവെടുപ്പിനിടെയാണ് ശ്രീറാം വെങ്കിട്ടരാമൻ മൊഴി നൽകിയത്. അപകട സമയം കാർ ഓടിച്ചിരുന്നതു താനല്ലെന്ന മൊഴിയാണു ശ്രീറാം നൽകിയതെന്നാണു വിവരം. സിറാജ് പത്രത്തിന്റെ ഡയറക്ടർ സൈഫുദീൻ ഹാജി, അപകടം നടക്കുന്പോൾ മ്യൂസിയം ക്രൈം എസ്ഐയായിരുന്ന ജയപ്രകാശ് എന്നിവരിൽനിന്നും സമിതി ഇന്നലെ തെളിവെടുപ്പ് നടത്തി.