തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടത്തിൽ പ്രതിയായ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ ഇന്നു സർവീസിൽ നിന്നു സസ്പെന്ഡ് ചെയ്തേക്കും. ക്രിമിനൽ കേസിൽ പ്രതിയാകുന്ന ഉദ്യോഗസ്ഥരെ 48 മണിക്കൂറിനകം സസ്പെന്ഡ് ചെയ്യണമെന്നാണ് സർവീസ് റൂൾ. അപകടം സംബന്ധിച്ച കേസിന്റെ റിപ്പോർട്ട് ഡിജിപി ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറി ടോം ജോസിന് ഇന്നു കൈമാറും.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും തുടർ നടപടി. മെഡിക്കൽ കോളജിലെ തടവുകാർക്കുള്ള സെല്ലിലാണ് ശ്രീറാം വെങ്കിട്ടരാമൻ ചികിത്സയിലുള്ളത്. കൈയ്ക്ക് പൊട്ടലും സ്പൈനൽ കോഡിന് പരിക്കുമെന്നാണ് സ്വകാര്യ ആശുപത്രിയുടെ പരിശോധനാ റിപ്പോർട്ട്.
ശ്രീറാമിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിനു ശേഷമായിരിക്കും ശ്രീറാം വെങ്കിട്ടരാമിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതടക്കമുള്ള തീരുമാനങ്ങൾ.
റിമാൻഡിൽ കഴിയുന്ന ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്നു തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഇതിനിടെ ശ്രീറാമിന്റെ രക്ത പരിശോധന ഫലം പുറത്തു വന്നിട്ടുണ്ട്. രക്തത്തിൽ മദ്യത്തിന്റെ അളവില്ലെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളതെന്ന് അറിയുന്നു. കേസിന്റെ തുടർ ഭാവിയിൽ നിർണായകമാകേണ്ടതാണ് രക്തപരിശോധന ഫലം.
അപകടം നടന്ന് ഒന്പതു മണിക്കൂറിനു ശേഷമാണ് ശ്രീറാമിന്റെ രക്തസാന്പിൾ പരിശോധനയ്ക്ക് എടുത്തത്. ഇതു തന്നെ മാധ്യമ പ്രവർത്തകരുടെയും പത്ര പ്രവർത്തക യൂണിയന്റേയും കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയുമാണ്. കേസ് തുടക്കംമുതൽ കേസ് അട്ടിമറിക്കാനുള്ള ശ്രമമങ്ങളാണ് നടന്നതെന്ന ആക്ഷേപം ബഷീറിന്റെ ബന്ധുക്കളടക്കം ഉന്നയിച്ചതാണ്.
ഇതു സാധൂകരിക്കുന്ന നീക്കങ്ങളാണ് ഇന്നലെ നടന്നത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് മുഖാവരണം അണയിച്ച് സ്ട്രെച്ചറിൽ വിവിഐപി ആംബുലൻസിലാണ് ശ്രീറാമിനെ ജയിലേക്ക് മാറ്റിയത്. മണിക്കൂറുകൾ കഴിഞ്ഞാണ് ജയിൽ ഡോക്ടറുടെ നിർദേശാനുസരണം മെഡിക്കൽ കോളജിലെ തടവുകാരുടെ സെല്ലിലേക്ക് മാറ്റിയത്.
ശ്രീറാം ഇപ്പോഴും ഇവിടെ ചികിത്സയിലാണ്. തിരുവനന്തപുരം പ്രസ്ക്ലബ്, പത്ര പ്രവർത്തക യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്നു ബഷീറിന്റെ അനുസ്മരണ സമ്മേളനം പ്രസ്ക്ലബ്ബിൽ നടക്കും.