തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടോടെ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലായിരുന്നു അപകടം.
അമിത വേഗത്തിൽ എത്തിയ വാഹനം ബഷീർ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ശ്രീറാമിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ശ്രീറാമിനെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീറാമിനൊപ്പം വനിതാ സുഹൃത്ത് വഫ ഫിറോസും ഉണ്ടായിരുന്നു. വഫയുടെ കാറിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. അപകടസമയം ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.
ഒരേ ദിശയിലാണ് കാറും ബൈക്കും എത്തിയത്. അമിത വേഗതയിലായിരുന്ന കാർ കടന്നുപോകാൻ മുഹമ്മദ് ബഷീർ ബൈക്കിന്റെ വേഗം കുറച്ച് റോഡ് അരികിലേക്ക് മാറി. എന്നാൽ നിയന്ത്രണം വിട്ടുവന്ന കാർ ബൈക്കിൽ ഇടിച്ചുകയറി. അപകടത്തിനു ശേഷം കാറിൽനിന്ന് ആദ്യം സ്ത്രീയാണ് പുറത്തുവന്നതെന്നും ഇവർ ഡ്രൈവർ സീറ്റിലായിരുന്നില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സുഹൃത്താണ് കാറോടിച്ചതെന്ന് ശ്രീറാം പോലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.