തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവീസിൽ തിരിച്ചെടുക്കാൻ ശിപാർശ. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയാണു ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്കു ശിപാർശ നൽകിയതെന്നാണു റിപ്പോർട്ട്.
കേസിൽ ഇതുവരെ പോലീസ് കുറ്റപത്രം നൽകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു ശുപാർശ നൽകിയത്.
കേസിന്റെ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനെ ആറുമാസം മാത്രമേ സസ്പെൻഷനിൽ നിർത്താൻ കഴിയൂ. കുറ്റപത്രത്തിൽ പേരുണ്ടെങ്കിൽ സസ്പെൻഷൻ റദ്ദാക്കാൻ കഴിയില്ലെന്നാണു ചട്ടം.
സസ്പെൻഷൻ കാലാവധി തീരുന്നതോടെയാണു ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാൻ ശിപാർശ നൽകിയിരിക്കുന്നത്. ആറു മാസമായിരുന്നു സസ്പെൻഷൻ കാലാവധി. ഓഗസ്റ്റ് അഞ്ചിനാണു ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്.
മാധ്യമപ്രവർത്തകന്റെ മരണം ഉൾപ്പെടെയുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷനെ സർക്കാർ നേരത്തെ നിയമിച്ചിരുന്നു. ഈ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് മൂന്നു ദിവസത്തിനുള്ളിൽ വരാനിരിക്കെയാണ് സർവീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശിപാർശ.