ആലപ്പുഴ: മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടു പ്രതിസ്ഥാനത്തു വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ സർക്കാർ നടപടി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കളക്ടറുടെ ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് പൂട്ടി.
ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് ആണ് ഡീആക്ടിവേറ്റ് ചെയ്തത്. നിലവിലെ ആലപ്പുഴ കളക്ടറായ രേണു രാജ്, ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയാണ്.
ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് ആലപ്പുഴ കളക്ടറേറ്റിലേക്ക് മാർച്ച് അടക്കം പ്രഖ്യാപിച്ചിരുന്നു.
ചില മുസ്ലിം സംഘടനകളും ശ്രീറാമിനെ നിയമിച്ചതിൽ പ്രതിഷേധവുമായി രംഗത്തുണ്ട്. കോടതി നടപടി നേരിടുന്നയാളെ മജിസ്റ്റീരിയൽ പദവിയുള്ള തസ്തികയിൽ നിയമിച്ചതിൽ നിയമ- സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് നിയമവിദഗ്ധർ അടക്കം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയ തീരുമാനം തത്കാലം പുനഃപരിശോധിക്കേണ്ടതില്ലെന്നാണു തീരുമാനം. ഐഎഎസുകാർക്ക് സർവീസ് കാലയളവിൽ രണ്ടു വർഷത്തെ കളക്ടർ പദവി നിർബന്ധമാണ്.
സ്ഥാനക്കയറ്റത്തിനടക്കം ഇത് അനിവാര്യമാണ്. ശ്രീറാം വെങ്കട്ടരാമന് അതിന്റെ സമയമായതിനാലാണ് ഇപ്പോഴത്തെ നിയമനമെന്നാണ് സർക്കാർ വിശദീകരണം. കോടതിയിലെ കേസ് അതിന്റെ വഴിക്കു പോകട്ടെയെന്നാണു സർക്കാർ നിലപാട്.
മജിസ്റ്റീരിയൽ പദവിയുള്ള ജില്ലാ കളക്ടർക്ക് വൻ അധികാരമാണുള്ളത്. സർക്കാർ പ്രോസിക്യൂട്ടർമാരുടെ നിയമനപട്ടിക ഉൾപ്പെടെ സർക്കാരിനു കൈമാറുന്നത് കളക്ടറാണ്.
ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ കൊല്ലപ്പെട്ടെന്ന കേസിലാണ് കോടതി നടപടികൾ.