തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിക്കാനിടയായ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഒന്നാം പ്രതി. വെങ്കിട്ടരാമനെ ഒന്നാം പ്രതിയായി പോലീസ് കുറ്റപത്രം തയാറാക്കി.
വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫാ ഫിറോസാണ് രണ്ടാം പ്രതി. ശ്രീറാം മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് ബഷീർ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനു സമീപം പബ്ലിക് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. റോഡരികിൽ ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ബഷീറിന്റെ ബൈക്കിനു പിറകിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ അമിതവേഗത്തിൽ വന്ന് ഇടിക്കുകയായിരുന്നു.