സ്വന്തം ലേഖകന്‍
കൊച്ചി: ഡോളര്‍ കടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം സ്പീക്കറിലേക്ക് കടക്കുമ്പോള്‍ അതിനെ തടയിടാന്‍ സ്പീക്കറും സര്‍ക്കാരും ഒന്നിച്ചു നീങ്ങുന്നു.
സ്പീക്കറിലേക്ക് അന്വേഷണം അടുത്ത സാഹചര്യത്തിലാണ് കടുത്തനീക്കവുമായി സ്പീക്കറിന്റെ ഓഫീസും രംഗത്തിറങ്ങിയിരിക്കുന്നത്. അന്വേഷണത്തെ നേരിടാതെ സ്പീക്കര്‍ ഉരുണ്ടുകളിക്കുകയാണെന്നാണ് ആക്ഷേപം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
സ്പീക്കറുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തു നല്കി.
സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം സ്പീക്കറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കുള്ള ഭരണഘടനാപരമായ പരിരക്ഷ ഇത്തരം സാഹചര്യങ്ങളില്‍ അയ്യപ്പന് ഉണ്ടെന്ന ചട്ടം വിശദീകരിച്ചു കൊണ്ട് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയിരിക്കുന്നത്.
ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് രണ്ട് തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നല്‍കിയത്. ആദ്യപ്രാവശ്യം ഫോണിലൂടെ വിളിച്ചാല്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്നും നോട്ടീസ് അയയ്ക്കണമെന്നും ആവശ്യപ്പെട്ടു.
നോട്ടീസ് നല്കിയപ്പോള് നിയമസഭ സമ്മേളനം എട്ടുമുതല്‍ 22 വരെ നടക്കുന്നതിനാല്‍ ജോലി തിരക്കുണ്ടെന്നാണ് മറുപടി നല്‍കിയത്. അതിനു പിന്നാലെയാണ് പുതിയ മറുപടി നല്കി നിയമസഭ സെക്രട്ടറി രംഗത്തു വന്നിരിക്കുന്നത്.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യുന്നത്. സ്പീക്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് അയ്യപ്പനെ ലക്ഷ്യം വച്ചിരിക്കുന്നതാണെന്നറിയുന്നു.
സ്പീക്കറുടെ പിഎ എന്ന നിലയില്‍ എല്ലാ കാര്യവും അയ്യപ്പന് അറിഞ്ഞിരുന്നുവെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. അയ്യപ്പനില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം സ്പീക്കറിലേക്കു കടക്കാനായിരുന്നു കസ്റ്റംസിന്റെ തീരുമാനം.
ഇതാണ് അയ്യപ്പനില്‍ വന്നു നില്‍ക്കുന്നത്. എന്നാല്‍ അയ്യപ്പനെ വിട്ടു കൊടുക്കാതെ നിയമസഭ സമ്മേളനം കഴിയാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്.
സ്പീക്കര്‍ ഡോളര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും രാജി വയ്ക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
എന്നാല്‍ തനിക്കെതിരേയുള്ള ആരോപണങ്ങളെയെല്ലാം സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നിഷേധിച്ചിട്ടുണ്ട്. അവാസ്തവമായ കാര്യങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്നാണ് അദേഹത്തിന്റെ അഭിപ്രായം.