കൊച്ചി: സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വ്യക്തിപരമായ ദുരുദ്ദേശ്യത്തോടെ തന്നെ ഫ്ളാറ്റിലേക്കു വിളിച്ചു വരുത്തിയെന്നു വ്യക്തമാക്കി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഇഡിക്ക് നല്കിയ മൊഴി പുറത്തു വന്നു.
അട്ടക്കുളങ്ങരയിലെ വനിതാ ജയലില്‍ കഴിയുമ്പോള്‍ കഴിഞ്ഞ ഡിസംബര്‍ 16 ന് ഇഡിയുടെ ചോദ്യം ചെയ്യലില്‍ നല്കിയ മൊഴിയാണു പുറത്തു വന്നത്. സ്പീക്കറുടെ താത്പര്യത്തിന് വഴങ്ങാത്തതിനാല്‍ ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നല്കിയ ഹര്‍ജിയില്‍ ഈ മൊഴിയടക്കമുള്ള വിവരങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.
വളരെക്കുറച്ചു കാലമേ സ്പീക്കര്‍ പദവിയുണ്ടാകൂവെന്നും അതിനിടെ സമ്പാദ്യമുണ്ടാക്കണമെന്നും ഇതു കോണ്‍സുല്‍ ജനറലിനോടു പറയണമെന്നും ശ്രീരാമകൃഷ്ണന് ആവശ്യപ്പെട്ടുവെന്നതുള്പ്പെടെ മൊഴിയില്‍ സ്പീക്കര്‍ക്കെതിരേ കടുത്ത ആരോപണങ്ങള്‍ ഉണ്ടെന്നാണ് വ്യക്തമാകുന്നത്.
സ്പീക്കര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍സുല്‍ ജനറലിനെ പരിചയപ്പെടുത്തിക്കൊടുത്തു. സ്വപ്നയെ പലതവണ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു.