കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ചോദ്യം ചെയ്യാലിനായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഇന്നു കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണന് അറിയിച്ചിരിക്കുന്നത്. രാവിലെ 11നു കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്.
കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം നോട്ടീസ് അയച്ചെങ്കിലും, തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് സ്പീക്കര്‍ മറുപടി നല്‍കുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു.
യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ഇതു മൂന്നാമത്തെ പ്രാവശ്യമാണ് സ്പീക്കര്‍ കസ്റ്റംസിന്റെ മുന്നില്‍ ഹാജരാകാതെ മാറി നില്‍ക്കുന്നത്.
തെരഞ്ഞെടുപ്പു സമയത്തു ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ എത്തി പ്രശ്നം വഷളാക്കേണ്ടതില്ലെന്ന സിപിഎം നിലപാട് അനുസരിച്ചാണ് സ്പീക്കര്‍ ഹാജരാകാതെ മാറിനിന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഹാജരാകുമെന്ന സൂചനയുണ്ടായിരുന്നു. അപ്പോഴാണ് അസുഖബാധിതനായത്.
ഐഫോണ്‍ വിവാദത്തില്‍ സിപിഎം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും ഹാജരാകാതെ മാറി നില്‍ക്കുകയാണ്.അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് എടുത്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും.
സ്വര്‍ണണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് ഇഡിയുടെ വാദം. ഒരു അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതിയാണ്. സമാന്തര പരിശോധനയ്ക്ക് മറ്റൊരു ഏജന്‍സിക്ക് അധികാരമില്ല.
അന്തിമവിധി വരുന്നത് വരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ വേണമെന്നും ഹര്‍ജിയില്‍ ഇഡി ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇഡി ഗൂഡാലോചന നടത്തിയതിന്റെ തെളിവുകളാണ് മൊഴികള്‍ എന്നും ഇത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് അധികാരം ഉണ്ടെന്നാണ് സര്‍ക്കാര്‍ വാദം.