തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിട്ട തീരുമാനത്തിൽ വിശദീകരണവുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.
പരാതിയിലും മന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ടെന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് പക്ഷവും കേട്ടതിനു ശേഷം എത്തിക്സ് കമ്മിറ്റി തീരുമാനമെടുക്കെട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷമാണോ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന ചോദ്യത്തിന്, അത്തരമൊരു ആലോചനയുടെ ആവശ്യമില്ലെന്നും സഭയുടെ നാഥൻ എന്ന നിലയ്ക്കാണ് തീരുമാനമെടുത്തതെന്നും സ്പീക്കർ പറഞ്ഞു.
ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാത്രം അടിസ്ഥാനമാക്കിയാണ് ഇത്തരം വിഷയങ്ങളിൽ സ്പീക്കർ തീരുമാനമെടുക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.