എം.ജെ. ശ്രീജിത്ത്
തിരുവനന്തപുരം: സ്വർണം- ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ടു കസ്റ്റംസ് തന്നെ ചോദ്യംചെയ്യുമെന്ന വാർത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചതിൽ സ്പീക്കർ ശ്രീരാമകൃഷ്ണനു കടുത്ത അതൃപ്തി.
ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ സമീപിക്കുന്ന വ്യക്തിയാണ് താൻ. അന്വേഷണ ഏജൻസികളിൽനിന്നും ഉത്തരവാദിത്വത്തോടെയുള്ള സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം രാഷ്ട്രദീപികയ്ക്കു നൽകിയ ടെലിഫോൺ ഇന്റർവ്യൂവിൽ പറഞ്ഞു.
തന്നെ ചോദ്യം ചെയ്യുമെന്ന കാര്യം താൻ അറിയുന്നതിനു മുന്പ് മാധ്യമങ്ങളിൽ പ്രചരിച്ചത് ഉചിതമായില്ല.
* കസ്റ്റംസ് ചോദ്യം ചെയ്യും എന്ന വാർത്തകളെക്കുറിച്ച്?
സ്വർണം – ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് എനിക്ക് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇതിനെക്കുറിച്ച് അറിയുകയുമില്ല.
അങ്ങേയ്ക്കെതിരേ മൊഴിയുണ്ടെന്നാണല്ലോ പറയുന്നത്?
അഞ്ചുമാസമായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ ഉള്ളവരാണ് പ്രതികൾ. പ്രതികൾ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. പ്രതികൾ എനിക്കെതിരെ എന്തെങ്കിലും മൊഴി നൽകിയിട്ടുണ്ടെങ്കിൽ അതു അന്വേഷണ ഏജൻസികൾ പറത്തുവിടുന്നതിനു മുമ്പ് എന്നോടു ചോദിക്കേണ്ട സാമാന്യ മര്യാദയുണ്ട്.അത് ഇതുവരെ ഉണ്ടായിട്ടില്ല.
* മാധ്യമങ്ങളിൽ എല്ലാം തന്നെ വന്നല്ലോ?
അതു തന്നെയാണ് പറയുന്നത്. മൊഴിയെക്കുറിച്ച് എന്നോടു ഒന്നും തന്നെ ചോദിക്കാതെ മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ മൊഴി ചോർത്തി നൽകിയതു ഒരു അന്വേഷണ ഏജൻസിക്കു ചേരുന്നതാണോ?
അതു ശരിയാണോ, അഞ്ചു മാസമായി കസ്റ്റഡിയിലുള്ള പ്രതികൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നോടു ചോദിച്ചു വ്യക്തത വരുത്തേണ്ടതല്ലേ. അതിനു മുമ്പ് പ്രതികൾ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഒട്ടും ഉചിതമായില്ല.
* അങ്ങേയ്ക്കു നോട്ടീസ് കിട്ടിയിട്ടുണ്ടോ?
എനിക്ക് ഇതുവരെ യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. ഇതു ശരിയായ അന്വേഷണ രീതിയാണോ? ഭരണഘടനാപരമായ ഒരു പദവിയിൽ ഇരിക്കുന്ന എനിക്ക് പറയാനുള്ളതു കേൾക്കുന്നതിനു മുമ്പ് കുറ്റക്കാരനെന്നു വിധിച്ചു മാധ്യമ വിചാരണയ്ക്കായി മൊഴി പുറത്തുവിട്ടിരിക്കുന്നു.
ചോദ്യം ചെയ്യുന്നതിനു ഹാജരാകുന്നതിനു നോട്ടീസ് നൽകിയിട്ടില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങളെ എനിക്ക് അറിയാവൂ. വേറെ ഒന്നും അറിയില്ല.
* മൊഴികളിൽ പറയുന്നതിനോടു പ്രതികരണം?
പറയപ്പെടുന്ന സംഭവുമായി എനിക്കൊരു ബന്ധവുമില്ല. ഏതെങ്കിലും ഒരു ഏജൻസി ചോദ്യം ചെയ്യുന്നതിനോ മൊഴിൽക്കുന്നതിനോ ഹാജരാക്കാൻ നോട്ടീസ് നൽകിയിട്ടില്ല. നൽകിയാൽ അപ്പോൾ എന്തു ചെയ്യണമെന്ന് ആലോചിക്കും.
* രാജിവയ്ക്കണമെന്നു പ്രതിപക്ഷം പറയുന്നുണ്ടല്ലോ?
ഊഹാപോഹങ്ങളുടെ പിറകെ പോകാൻ സമയമില്ല. ഈ സംഭവവുമായി ബന്ധപ്പെട്ടു രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം എന്തടിസ്ഥാനത്തിലെന്ന് അറിയില്ല.
സ്പീക്കർ സ്ഥാനം രാജിവക്കേണ്ട സാഹചര്യമില്ല. അതുകൊണ്ടു തന്നെ രാജിവയ്ക്കുന്ന പ്രശ്നവുമില്ല. നിയമസഭാ സമ്മേളനത്തിൽ ഇതു ചർച്ചയാക്കില്ലേ എന്ന ചോദ്യത്തിന് എല്ലാം ചർച്ചയാകുന്ന വേദിയല്ലേ നിയമസഭ. അങ്ങനെ ഉണ്ടാവുകയാണെങ്കിൽ അപ്പോൾ അതേക്കുറിച്ചു പ്രതികരിക്കാമെന്നും സ്പീക്കർ പറഞ്ഞു.