തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ തനിക്ക് വ്യക്തിപരമായി വിഷമമുണ്ടാക്കിയെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സത്യാവസ്ഥ കുടുംബത്തിന് അറിയാം. കഴിഞ്ഞ വർഷം അത്താണിയിൽ വെച്ച് സ്വപ്നയെ കണ്ടെന്ന എ.എൻ രാധാകൃഷ്ണന്റെ ആരോപണം ശുദ്ധ അസംബന്ധമാണ്.
സ്വപ്ന സുരേഷ് യുഎഇ കോൺസുലേറ്റ് ഉന്നത ഉദ്യോഗസ്ഥയായിട്ടാണ് ബന്ധപ്പെട്ടിരുന്നത്. കഴിഞ്ഞ നാലു വർഷമായി സ്വപ്നയുമായി പരിചയമുണ്ട്. തന്നോട് ഒരു സഹായവും സ്വപ്ന ആവശ്യപ്പെട്ടിട്ടില്ല. ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ് സ്വപ്നയോട് സംസാരിച്ചിട്ടുള്ളത്.
ഒരു സ്റ്റാർട് അപ് എന്ന നിലയിലാണ് സന്ദീപിന്റെ കട ഉദ്ഘാടനം ചെയ്യാൻ പോയത്. സ്വപ്നയാണ് ക്ഷണിച്ചത്. പ്രാദേശിക നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. 14 തവണ യുഎഇയിൽ പോയിട്ടുണ്ട്. ഔദ്യോഗികവും വ്യക്തിപരവുമായ യാത്രകളായിരുന്നു അതെല്ലാം.
വിദേശയാത്രയുടെ പേരിൽ പുകമറ തീർക്കാനാണ് ശ്രമം. യാത്രയുടെ രേഖകൾ പുറത്തുവിടാൻ തയ്യാറെന്നും പി.ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങൾ പ്രതിപക്ഷ കൗശലമാണ്. ആരോപണങ്ങൾ പ്രതിപക്ഷം തന്റെ നേർക്ക് തിരിച്ചു വിടുകയാണെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.