തിരുവനന്തപുരം: തനിക്കെതിരേയുള്ള പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ആരോപണങ്ങളെക്കുറിച്ച് സഭയിലെ അംഗങ്ങളാരും തന്നോട് ചോദിച്ചിട്ടില്ല.
ആരോപണങ്ങളെ കുറിച്ച് വ്യക്തത തേടാൻ ഇതേപ്പറ്റി തന്നോട് നേരത്തെ ചോദിക്കാമായിരുന്നുവെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ സഭയിൽ ഇങ്ങിനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ആരോപണങ്ങളെല്ലാം ഭാവന മാത്രമാണെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
സ്വപ്നയെപ്പറ്റി അന്വേഷിച്ചറിയാൻ തനിക്ക് സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ല. ഇനി മത്സരിക്കണമോയെന്ന കാര്യം പാർട്ടി തീരുമാനിക്കട്ടെയെന്നും വിയോജിപ്പിനുള്ള അവസരം ജനാധിപത്യത്തിന്റെ വിജയമാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
സ്വർണക്കടത്തിലും ഡോളർ കടത്തിലും സ്പീക്കർക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിനെത്തുടർന്ന് സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യാനിരിക്കെയാണ് സ്പീക്കറുടെ പ്രതികരണം.
എം. ഉമ്മറാണ് ഇന്ന് സ്പീക്കർക്കെതിരേ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുക. പ്രമേയ ചർച്ച നടക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ ആകും സഭ നിയന്ത്രിക്കുക.
നിയമസഭയ്ക്ക് കളങ്കം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ സ്ഥാനത്തിരിക്കാൻ പി.ശ്രീരാമകൃഷ്ണൻ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്വർണ ക്കള്ളക്കടത്ത് കേസിൽ സ്പീക്കറുടെ പേര് വന്നത് നിയമസഭക്ക് കളങ്കവും അപമാനവുമായി മാറിയെന്ന് ചെന്നിത്തല വ്യക്തമാക്കി. സ്വന്തമായി ഇന്റലിജൻസ് സംവിധാനമില്ലെന്ന സ്പീക്കറുടെ വിശദീകരണം ബാലിശമാണ്. എല്ലാവർക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്താൻ കഴിയില്ല.
ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിന് മുൻപ് അതിന്റെ സംഘാടകരെയും നടത്തിപ്പുകാരെയും കുറിച്ച് അന്വേഷിച്ച് അവരുടെ പശ്ചാത്തലം മനസ്സിലാക്കണമായിരുന്നു. എന്നാൽ സ്പീക്കർ ഇതൊക്കെ അവഗണിച്ചു.
സംസ്ഥാനത്ത് ധൂർത്തും അഴിമതിയുമാണ് നടക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസ്സിലാക്കാതെ സർക്കാർ പ്രവർത്തിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് സഭയിൽ ചർച്ച ചെയ്യുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.