തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ അന്തിമ കുറ്റപത്രം സമർപ്പിച്ചു.
തെളിവു നശിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമം നടത്തിയെന്ന് തിരുവനന്തപുരം ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കേസിന്റെ തുടക്കം മുതൽ അന്വേഷണം അട്ടിമറിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചു. ആദ്യം വാഹനമോടിച്ചത് താനല്ലെന്ന് വരുത്താൻ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ജനറൽ ആശുപത്രിയിലും കിംസിലും രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ ജനറൽ ആശുപത്രിയിലെ ഡോക്ടർ നിർദേശിച്ചിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് കിംസിലേക്ക് പോയെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് കെ.എം. ബഷീർ കൊല്ലപ്പെടുന്നത്.
അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീർ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീർ മരിച്ചു. ഇതിന് ശേഷം നടന്ന കാര്യങ്ങൾ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് പൊലീസിന്റെ വീഴ്ചയായി വിലയിരുത്തുന്നു.