ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയിൽ ജനപ്രിയമായ ഒരു പാട്ടുണ്ട്. കുഞ്ഞ് അജയനെ നെഞ്ചേറ്റി അമ്മൂമ്മ, മാണിക്യം പാടുന്നത്. അങ്ങ് വാന കോണില്‍ എന്ന ആ പാട്ടിനൊപ്പം ഹിറ്റാണ് അതില്‍ ജൂണിയര്‍ അജയനായി വേഷമിട്ട ശ്രീരംഗ് ഷൈനും. കുഞ്ഞിളം വാവേ, കഥ കേട്ട് മെല്ലെ മിഴിപൂട്ട്, മാറിന് ചൂടില്‍ ഉറങ്ങ് ഉറങ്ങ്… എന്നിങ്ങനെ കഥയോടു ചേര്‍ന്നലിയുന്ന വരികള്‍.
‘സുരഭിചേച്ചിയും ഞാനുമുള്ള പാട്ട് ഹിറ്റായതോടെ ധാരാളം പേര് വിളിക്കുന്നു. എല്ലാവരും ഇപ്പോള്‍ കുഞ്ഞിളം വാവേ എന്നാണു വിളിക്കുന്നത്. ഇൻസ്റ്റയിൽ മേസേജിടുന്നു. ദിവസവും പലയിടങ്ങളിൽ ആ പാട്ടു കേള്‍ക്കുന്നു. പലരുടെയും റിംഗ് ടോണാണ്. അതിലെ കുട്ടി ഞാനാണ് എന്നതു വലിയ സന്തോഷവും അഭിമാനവുമാണ്.’- ശ്രീരംഗ് ഷൈന്‍ രാഷ്്ട്രദീപികയോടു പറഞ്ഞു.
സീരിയലുകളില്‍ ബാലതാരം…
അച്ഛനു സിനിമ പണ്ടേ ക്രേസാണ്. അഞ്ചര വയസുള്ളപ്പോള്‍ അമൃത ടിവിയിലെ ഇമ്മിണി ബല്യൊരു സ്റ്റാര്‍ എന്ന പരിപാടിയില്‍ എന്നെ കൊണ്ടുപോയി. അന്നു കോണ്ഫിഡന്സില്ല, അച്ഛന് നിര്‍ബന്ധിച്ചു കൊണ്ടുവന്നതാണെന്നു പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു. പിന്നീടൊരിക്കല്‍ മുത്തശ്ശിയെ വൃദ്ധസദനത്തിലാക്കിയെന്നു കേട്ടാല്‍ എന്തു തോന്നും എന്നതു സ്ക്രിപ്റ്റില്ലാതെ പറയാന്‍ അച്ഛന് ആവശ്യപ്പെട്ടു.
ഞാൻ ഫീലായി എന്തൊക്കെയോ പറഞ്ഞു. അച്ഛനത് ഫോണില്‍ ഷൂട്ട് ചെയ്ത് സുഹൃത്തു വഴി ഒരു പരസ്യചിത്ര സംവിധായകന് അയച്ചു. അങ്ങനെ പരസ്യചിത്രത്തില്‍ അഭിനയത്തുടക്കം. പിന്നീടു സുനില്‍ പുഞ്ചക്കരി എന്ന മേക്കപ്പ്മാന് വഴി കുടുംബവിളക്ക് സീരിയലിൽ. തുടർന്ന് തുമ്പപ്പൂ, നീയും ഞാനും, നന്ദനം എന്നിവയിലും.
സിനിമയിൽ…
ആറു വയസുള്ളപ്പോള്‍ ആദ്യ സിനിമ, ഇന്‍ലന്‍ഡ്. അതില്‍ തമ്പാന് എന്ന തിയറ്റര്‍ ആര്‍ട്ടിസ്റ്റിന്റെ മകന്. ജയറാം അങ്കിള്‍ നായകനായ സംസ്കൃത ചിത്രം നമോയില് കുഞ്ഞുകൃഷ്ണനായി. പൃഥ്വിരാജിന്റെ കോള്ഡ്കേസില് മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റിയുള്ള കുട്ടി.
ഷാജി കൈലാസ് സാറിന്റെ കാപ്പയാണ് തിയറ്ററില്‍ ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രം. അതില്‍ പൃഥ്വിരാജിന്റെ കഥാപാത്രം കൊട്ട മധുവിന്റെ മകന്. സൈജു കുറുപ്പ് ടൈറ്റില്‍ വേഷത്തിലെത്തിയ പാപ്പച്ചന് ഒളിവിലാണ് എന്ന പടത്തില്‍ ജൂണിയര്‍ പാപ്പച്ചന്. മാരിവില്ലിന് ഗോപുരങ്ങളില്‍ വില്ലന്‍വേഷം ചെയ്ത ശരണിന്റെ കുട്ടിക്കാലം.
ഷാജി കൈലാസ് ചിത്രം ഹണ്ടില്‍ ഭാവനയുടെ സഹോദരന്. വിഷ്ണു മോഹൻ സംവിധാനം ചെയ്ത കഥ ഇന്നുവരെയില്‍ ബിജുമേനോന്റെ കുട്ടിക്കാലം. രാമു എന്ന കഥാപാത്രം. ബിജു മേനോന്, മേതില്‍ ദേവിക, ഹക്കിം ഷാജഹാന് എന്നിവര്‍ക്കൊപ്പം പ്രാധാന്യമുള്ള വേഷം.
എആര്‍എം
കാപ്പയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ടീം എറണാകുളത്തേക്കു വിളിപ്പിച്ചു. സ്ക്രിപ്റ്റിലെ ഒരു ഭാഗം പെര്‍ഫോം ചെയ്യിപ്പിച്ചു. അഭിനയിക്കുന്നതിനിടെ ഒറിജിനലായി കരഞ്ഞു. അപ്പോള്‍ സെലക്ടായില്ലെങ്കിലും ബോൺ ആർട്ടിസ്റ്റെന്ന് അഭിപ്രായമുണ്ടായി. പിന്നീടു ‘സ്താനാര്‍ത്തി ശ്രീക്കുട്ടനി’ൽ അഭിനയിക്കുന്നതിനിടെ ആ സിനിമയിലേക്കു പല തവണ വിളിച്ചെങ്കിലും പോകാനായില്ല.
പോസ്റ്റര്‍ വന്നപ്പോഴാണ് ആ സിനിമ എആര്എമ്മാണെന്നും ടൊവിനോയുടെ കുട്ടിക്കാലം ചെയ്യാനാണു വിളിച്ചതെന്നും അറിഞ്ഞത്. ‘സ്താനാര്‍ത്തി ശ്രീക്കുട്ടൻ’ ഷൂട്ടിംഗ് തീര്‍ന്ന ദിവസം എആര്എമ്മിലേക്കു വീണ്ടും വിളിച്ചു. സെറ്റിലെത്തിയപ്പോൾ സുരഭിചേച്ചിയുമായി പരിചയപ്പെട്ടു.
ചേച്ചി വളരെ ഫ്രണ്ട്ലിയായി സംസാരിച്ചു. എആര്‍എമ്മിന്റെ റൈറ്റര്‍ സുജിത്തേട്ടന് ലൊക്കേഷനിൽ ഞാനുമൊത്ത് മരങ്ങള്‍ക്കിടയിലൂടെ കൂറേദൂരം നടന്നു. സീന്‍ വിശദമായി പറയാന്‍ കൂട്ടിക്കൊണ്ടുപോയതാണ്. വളരെ അടുപ്പമുള്ള ഒരാളോടു സംസാരിച്ചതുപോലെ തോന്നി. അങ്ങനെ സീൻ സെറ്റായി. സുരഭിച്ചേച്ചി അമ്മൂമ്മവേഷത്തിലും രോഹിണി ആന്റി അമ്മവേഷത്തിലും. ടീസര്‍ ലോഞ്ചിനു പോയപ്പോഴാണ് ടൊവിനോ ചേട്ടനെ ആദ്യം കണ്ടത്. എം.എസ്. ധോണിയെപ്പോലെ കൂളായ ക്യാപ്റ്റനാണ് ഡയറക്ടര്‍ ജിതിന്ചേട്ടന്. എനിക്ക് എന്തെങ്കിലും സജഷന്‍ തോന്നിയാൽ ഫ്രീയായി പറയാൻ അവസരമുണ്ടായിരുന്നു.
ഇനി വരാനുള്ള സിനിമകള്‍..?
ആദ്യമായി ടൈറ്റില്‍ വേഷത്തിലെത്തുന്ന സ്താനാര്‍ത്തി ശ്രീക്കുട്ടന് റിലീസിനൊരുങ്ങുന്നു. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജോണി ആന്റണി എന്നിവര്‍ക്കൊപ്പം. ടൊവിനോ ചിത്രം ഐഡന്റിറ്റിയില്‍ അജു ചേട്ടന്റെ മകന്. വേറിട്ട ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ്. തൃഷയും പ്രധാന വേഷത്തില്‍.
സനല്‍ വി. ദേവൻ സംവിധാനം ചെയ്ത വരാഹത്തില്‍ സുരേഷ്ഗോപി അങ്കിളിന്റെ കുട്ടിക്കാലം. ബാലന് – അതാണു കഥാപാത്രം. ആക്ഷന്‍ സീനുണ്ട്. വെള്ളത്തിലുള്ള സാഹസിക രംഗങ്ങളുണ്ട്. കൃഷന്ത് സംവിധാനം ചെയ്ത സംഭവവിവരണം 4.5 ഗ്യാംഗ് എന്ന വെബ് സീരിസില്‍ ദര്‍ശന രാജേന്ദ്രന്റെ മകന്. ഔസേപ്പിന്റെ ഒസ്യത്തില്‍ ഷാജോണിന്റെയും ഷൂട്ടിംഗ് തുടരുന്ന അനോമിയില്‍ റഹ്മാന്റെയും മകന്.
പുതിയ സിനിമ…?
എ.ബി. ബിനിൽ സംവിധാനം ചെയ്യുന്ന പൊങ്കാലയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ കുട്ടിക്കാലം. മാസ് ആക്ഷന്‍ പടം. ഇടിയുടെ പൊങ്കാലയാണ്. ഞാന്‍ ചാടി ചവിട്ടുന്ന സീനുണ്ട്. മൂന്നു പ്രോജക്ടുകള്‍ ചെയ്യാന്‍ കരാറായി. പാന്‍ ഇന്ത്യന്‍ ആക്ടറാകണമെന്നാണ് ആഗ്രഹം.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. അച്ഛന് ഷൈന്‍. ബിസിനസ് ചെയ്യുന്നു. അമ്മ ലിഷ തിരുവല്ലം ഗവ. ആശുപത്രിയില്‍ നഴ്സാണ്. അനിയന് ശ്രീകാര്ത്തി ചില പരസ്യചിത്രങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങളിലെത്തി. എആര്‍എമ്മില്‍ ഒരു കുട്ടിക്കു ശബ്ദം നല്‍കാനും അവസരമുണ്ടായി. കുടുംബവും പ്രേക്ഷകരുമാണ് എന്റെ സപ്പോർട്ട്.