കൊച്ചി: കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷം പകര്‍ന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി. മാത്യു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ടീമില്‍ നി്ന്നു പുറത്തായ ശ്രീശാന്തിന് തിരികെ ടീമിലെത്താന്‍ കഴിയുമെന്നും ഇതിനായി ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായിയെ കണ്ടാല്‍ മതിയെന്നുമാണ് ടി.സി മാത്യു പറഞ്ഞത്. വിനോദ് റായിയെ കാണാന്‍ ടി.സി മാത്യും ശ്രീശാന്തിനു നിര്‍ദേശം നല്‍കി.
ടി.സി മാത്യു നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും തിരിച്ചുവരവുമായി ബന്ധപ്പെട്ട് വിനോദ് റായ്ക്ക് കത്തു നല്‍കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ബിസിസിഐ ഇതുവരെ വിലക്കിനെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും ഇ്‌പ്പോള്‍ സസ്‌പെന്‍ഷന്‍ മാത്രമേയുള്ളുവെന്നും ശ്രീശാന്ത് പറയുന്നു.
മുന്‍ ക്രിക്കറ്റ്താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ വാക്കുകളില്‍ നിരാശയുണ്ടെന്നും ഇത് വ്യക്തിവൈരാഗ്യമാണോയെന്ന് അറിയില്ലയെന്നും ശ്രീശാന്ത് പ്രതികരിച്ചു. വളരെയധികം ആളുകള്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എതിര്‍പ്പുകള്‍ മറികടന്ന് മുന്നേറാന്‍ ഇതു സഹായകമാകുമെന്നും ശ്രീശാന്ത് പറഞ്ഞു. നേരത്തെ ശ്രീശാന്തിന് ടീമില്‍ തിരിച്ചെത്താനാകില്ലെന്ന് ആകാശ് ചോപ്ര ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ശ്രീശാന്ത് മറുപടിയും നല്‍കിയിരുന്നു. മുമ്പ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതില്‍ നിന്നും ബിസിസിഐ ശ്രീശാന്തിനെ വിലക്കിയിരുന്നു. കേന്ദ്ര ധനകാര്യമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായ കമ്മിറ്റിയാണ് ശ്രീശാന്തിന് എന്‍ഒസി നിഷേധിച്ചത്.