ലോകത്തിലെ കിടയറ്റ ബാറ്റ്‌സ്മാന്‍മാരെ തീതുപ്പുന്ന പന്തുകള്‍ കൊണ്ട് വിറപ്പിക്കുന്ന സമയത്തായിരുന്നു ശ്രീശാന്ത് കോഴ വിവാദത്തില്‍ അകപ്പെടുന്നത്. ശ്രീശാന്തിന്റെ കരിയറിലെ സുവര്‍ണ കാലഘട്ടത്തിലുണ്ടായ ആ വിവാദം ഇരുട്ടിലാക്കിയത് ശ്രീയുടെ ക്രിക്കറ്റ് കരിയറിനെത്തന്നെയാണ്. 2013ലെ ഐപിഎല്ലിനിടെയായിരുന്നു സംഭവം. അന്ന് ശ്രീശാന്തിനെതിരേ പോലീസിന്റെ തുറുപ്പുചീട്ട് ഒരു തൂവാലയായിരുന്നു. വാതുവെപ്പുകാരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ആ തുവാല അരയില്‍ തിരുകിയതെന്നായിരുന്നു ആരോപണം. എന്നാല്‍ അതിനു പിന്നിലെ സത്യം ശ്രീ വെളിപ്പെടുത്തുകയാണ്.
ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ കളിക്കിടെ ബൗള്‍ ചെയ്യുമ്പോള്‍ ശ്രീശാന്ത് അരയില്‍ തിരുകിയ തൂവാല പിന്നീട് പോലീസിന്റെ പ്രധാന തുറുപ്പുചീട്ടായിരുന്നു. അരയില്‍ നിന്നും പുറത്തേക്കു കാണാവുന്ന വിധത്തില്‍ താരം തൂവാല തിരുകിയത് വാതുവയ്പുകാര്‍ക്ക് സൂചന നല്‍കാനാണെന്നും ആരോപിക്കപ്പെട്ടു.തൂവാല തിരുകി ശ്രീശാന്ത് എറിഞ്ഞ ഓവറില്‍ 13 റണ്‍സാണ് എതിര്‍ ടീമിനു ലഭിച്ചത്. ഇതോടെ വാതുവയ്പുകാരില്‍ നിന്നും പണം വാങ്ങിയ ശേഷം താരം ഒത്തു കളിക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നു.
അന്ന് അരയില്‍ തൂവാല തിരുകി താന്‍ ബൗള്‍ ചെയ്യാന്‍ കാരണമെന്താണെന്ന് വിസ്ഡണ്‍ ക്രിക്കറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീ വെളിപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ അലന്‍ ഡൊണാള്‍ഡിനെ അനുകരിച്ചാണ് അന്ന് തൂവാല തിരുകിയതെന്ന് ശ്രീ വെളിപ്പെടുത്തി. കരിയറില്‍ മോശം ഫോമില്‍ നില്‍ക്കുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ ഇതു തന്നെ സഹായിച്ചിട്ടുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു.മുമ്പും ഇതുപോലെ താന്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ഓവറിനു മുമ്പ് അംപയര്‍ കുമാര്‍ ധര്‍മസേനയോട് അനുവാദം വാങ്ങിയ ശേഷമാണ് അരയില്‍ തൂവാല തിരുകിയത്.
സ്റ്റംപ് മൈക്രോഫോണിലെ ശബ്ദരേഖ പരിശോധിച്ചാല്‍ അതു വ്യക്തമാവുമെന്നും ശ്രീശാന്ത് പറഞ്ഞു. കളിക്കളത്തില്‍ മുഖത്ത് താന്‍ സിങ് ഓക്സൈഡ് പുരട്ടാറുണ്ട്. അതിനും താന്‍ ഡൊണാള്‍ഡിനെ തന്നെയാണ് അനുകരിക്കുന്നത്. ഇതിന്റെയും അര്‍ഥം താന്‍ ഒത്തുകളിച്ചെന്നാണോയെന്നും താരം ചോദിക്കുന്നു. 10 ലക്ഷം രൂപയ്ക്ക് താന്‍ ഒത്തുകളിച്ചുവെന്ന പോലീസിന്റെ വാദത്തെ ശ്രീശാന്ത് പരിഹസിച്ചു.
ഇന്ത്യന്‍ ടീമിലെ താരമായ ഒരാള്‍ 10 ലക്ഷത്തിനു വേണ്ടി ഒത്തുകളിക്കുമോയെന്നും താരം ചോദിച്ചു.